(www.panoornews.in)പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി.
പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും എസ്‌പി പറഞ്ഞു.
എന്നാൽ താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. ഹോട്ടലിലെ സംഘർഷത്തിന് എടുത്ത കേസിൻ്റെ ഭാഗമായി തൻ്റെ പരാതി അന്വേഷിച്ചാൽ മതിയെന്നും താൻ മൊഴി നൽകുമെന്നും ഇ.എൻ സുരേഷ് ബാബു വ്യക്തമാക്കി. പൊലീസിൻ്റെ പരിശോധനയിൽ അമാന്തം ഉണ്ടെന്ന് കരുതുന്നില്ലെന്നും സുരേഷ് ബാബു. സിപിഎം നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ബാബുവിൻ്റെ നിലപാട് മാറ്റം.
Counterfeit money: Palakkad SP did not file a case on CPM's complaint