Sep 28, 2024 07:50 AM

(www.panoornews.in)  ഓൺലൈൻ തട്ടിപ്പുകൾക്ക് വേണ്ടി പണം കൈമാറാൻ അക്കൗണ്ടുകൾ വാടകക്ക് വാങ്ങുന്ന സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത് പാനൂർ മേഖലയിലെ നിരവധി വിദ്യാർഥികൾ. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായവർ നൽകിയ പരാതിയിൽ ആലപ്പുഴ പട്ടണക്കാട് പൊലിസ് നടത്തിയ അന്വേഷണത്തിൽ പെരിങ്ങത്തൂരിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് കോളജ് വിദ്യാർഥികൾ പിടിയിലായി.


ഓൺലൈൻ വഴി പണം കൈമാറ്റം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ വടകക്ക് നൽകിയ വിദ്യാർഥികളെ കണ്ടെത്തുന്നതിന് സൈബർ പൊലിസും രംഗത്തുണ്ട്. കഴിഞ്ഞ ആഴ്ച കോഴിക്കോടെ വടകരയിൽ നിന്നും നാല് കോളജ് വിദ്യാർഥികളെ ഭോപ്പാൽ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെരിങ്ങത്തൂരിൽ 30 ലധികം കോളജ് വിദ്യാർഥികൾ ചതിയിൽ അകപ്പെട്ടതായി പൊലിസിന് വിവരം ലഭിച്ചത്.

എന്നാൽ സംസ്ഥാനത്തിന് പുറത്ത് തട്ടിപ്പിനിരയായവർ നൽകുന്ന പരാതിയിൽ അകപ്പെടുന്ന വിദ്യാർഥികളുടെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളത്. പ്രദേശത്തെ പൊലിസിന് പോലും മുൻകൂട്ടി വിവരങ്ങൾ കൈ മാറാതെയാണ് ഇതിൽ ഉൾപ്പെട്ടവരെ വലയിലാക്കാൻ പുറത്ത് നിന്നും പൊലിസ് സംഘം എത്തുന്നത്.

ഓരോ പണമിടപാടിനും നിശ്ചിത തുക അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്നതാണ് നിരവധി വിദ്യാർഥികളെ ഇവരുടെ കെണിയിൽ കുടുക്കിയത്. ഇക്കാര്യത്തെക്കുറിച്ച് പ്രതിപാദിച്ച് പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ തന്നെ വോയ്സ് ക്ലിപ്പുമായി രംഗത്തെത്തിയതോടെയാണ് സംഗതിയുടെ ഗൗരവം വ്യക്തമാകുന്നത്. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന സംഘം പണമിടപാടുകൾക്ക് ഇത്തരത്തിലുള്ള താൽക്കാലിക അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.

വിദ്യാർഥികളെ കൊണ്ട് ഒരാൾ ചൊക്ലി, പാനൂർ മേഖലയിലെ ബാങ്കുകളിൽ നിന്നും അക്കൗണ്ടുകൾ ഓപ്പൺ ചെയ്യിപ്പിച്ചതായി അറിയുന്നു. ഇത്തരം അക്കൗണ്ടുകളിലൂടെ ദിവസവും ലക്ഷങ്ങൾ ഇടപാടുകൾ നടത്തിയതായും ഇതിൽ ചില വിദ്യാർഥികൾക്ക് ബാങ്ക് നോട്ടീസ് അയച്ചതായും വിവരമുണ്ട്. പെരിങ്ങത്തൂരിലെ ഒരു വിദ്യാർഥിയുടെ പേരിൽ തമിഴ്‌നാട് പൊലിസ് അന്വേഷണം നടത്തുന്നതായും അറിയുന്നു. സംഭവം പുറത്തുവന്നതോടെ രക്ഷിതാ ക്കളും ആശങ്കയിലാണ്.

Transferring money through student accounts for online scams; Many students are stranded in Panur and Peringathur areas

Next TV

Top Stories










News Roundup