പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ തെരുവ് വിളക്കുകൾ ഭൂരിഭാഗവും കനത്ത മഴ കാരണം പ്രവർത്തന രഹിതമായി.


കേരള സർക്കാരിൻ്റെ "നിലാവ്'' പദ്ധതിയിൽ ഉൾപ്പെട്ട തെരുവ് വിളക്കുകളും അതിൽ ഉൾപ്പെടാത്ത മുമ്പ് ഒരു സ്വകാര്യ കമ്പനിക്ക് പരിപാലന കരാർ നൽകിയ സ്ട്രീറ്റ് ലൈറ്റുകളും മിക്കതും കണ്ണടച്ചു.
പതിമൂന്നാം വാർഡ് ഉൾപ്പെടുന്ന സെൻട്രൽ മനേക്കര, പടിഞ്ഞാറെ മനേക്കര ഭാഗങ്ങൾ ഇപ്പോൾ രാത്രിയായാൽ ഏറെക്കുറേ ഇരുട്ടിലാണ്.
രാത്രികാലങ്ങളിൽ മേഖലയിൽ ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായതിനാൽ ജനങ്ങൾ ആശങ്കാകുലരാണ്. മുൻവർഷങ്ങളിൽ 'നിലാവ്' പദ്ധതിയിൽപ്പെട്ട വിളക്കുകൾ ഗ്രാമപഞ്ചായത്ത് കെ.എസ്. ഇ.ബിയിൽ അറിയിക്കുന്നതിന് അനുസരിച്ച് അവർ വന്ന് തകരാർ പരിഹരിച്ച് പുതിയ ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു പതിവ് രീതി.
എന്നാൽ ഇപ്പോൾ ഗ്രാമപഞ്ചായത്ത് അധികൃതർ തെരുവ് വിളക്കുകൾ അഴിച്ചു മാറ്റി കെ.എസ്. ഇ.ബി ക്ക് നൽകുകയാണെങ്കിൽ അവർ പകരം തെരുവ് വിളക്ക് തന്ന് പഞ്ചായത്ത് അവരുടെ ചെലവിൽ പുന:സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഈ സമീപനം ജന സൗഹൃദമല്ലാത്തതുകൊണ്ടാണ് തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതെന്ന് പതിമൂന്നാം വാർഡ് മെമ്പർ സന്തോഷ്. പി. പറഞ്ഞു.
'നിലാവിൽ 'പെടാത്ത ലൈറ്റുകളുടെ പരിപാലനം 2024- 25 വർഷത്തേക്ക് കൊല്ലം ആസ്ഥാനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡ് എന്ന ഒരു പൊതുമേഖലാ കമ്പനിക്ക് നൽകുവാൻ പ്രാരംഭ നടപടികൾ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ മാസ്റ്റർ ട്രൂ വിഷനോട് പറഞ്ഞു.
എന്തു തന്നെയായാലും തെരുവ് വിളക്കുകൾ അധികൃതർ അടിയന്തിരമായി പ്രവർത്തന യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most of the street lights were blinded;In the 13th Ward of Pannyannoor Gram Panchayat, 'Nilav' itself helps..!
