തലശേരിയിൽ അഴിഞ്ഞാടി ലഹരി സംഘം ; സിപിഎം ബ്രാഞ്ചംഗമുൾപ്പടെ 2 പേർക്ക് പരിക്ക്



തലശേരിക്കടുത്ത് പൊന്ന്യം പുലരി വായനശാലക്കടുത്ത് ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. മരത്തടി കൊണ്ടുള്ള ക്രൂരമായ ആക്രമത്തിൽ തലക്കും, ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്ന്യം വെസ്റ്റിലെ ഹരി നന്ദനത്തിൽ ആത്മ കിരൺ ( 34 ), സൂര്യോദയത്തിൽ ആദർശ് (26) എന്നിവരാണ് ആശുപത്രിയിലുള്ളത്.
ആത്മ കിരണിന്റെ തലയിൽ 5 സ്റ്റിച്ചുണ്ട്. അടിയേറ്റ് കാലിനും കൈക്കും കണ്ണിന് താഴെയും സാരമായ പരിക്കുകളുണ്ട്. തലയുടെ പിൻഭാഗത്താണ് ആദർശിന് പരിക്ക്.
സി.പി.എം. പ്രവർത്തകനായ ആദർശിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പാർട്ടി അനുഭാവിയായ ആത്മ കിരണും അക്രമിക്കപ്പെട്ടത്.
മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് പ്രദേശത്ത് അഴിഞ്ഞാടുന്നവർക്കെതിരെ പ്രതികരിച്ചതിനാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് പരിക്കേറ്റ ഇരുവരും പറയുന്നു.
ഗൾഫിലേക്ക് പോകുന്ന യുവാവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയിലാണ് മൈസൂരിൽ നിന്നും നാട്ടിലെത്തിയ ബേക്കറി തൊഴിലാളിയായ സായൂജ് മരത്തടി കൊണ്ട് അക്രമിച്ചു പരിക്കേൽപിച്ചതെന്നാണ് പരാതി
. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു അക്രമം.
പ്രതിക്ക് മറ്റു ചിലരുടെ സഹായവും ലഭിച്ചതായും പരാതിയുണ്ട്.
സംഭവമറിഞ്ഞ് രാത്രിയിൽ തന്നെ പ്രദേശത്ത് എത്തിയ കതിരൂർ പോലീസ് സായൂജിനെ തിരഞ്ഞ് പോയെങ്കിലും പിടികൂടാനായില്ല.
മൈസൂരുവിൽ നിന്നും ഇടക്കിടെ നാട്ടിലെത്തുന്ന സായൂജ് വീട്ടിൽ പോകാതെ ലോഡ്ജ് മുറികളിലാണത്രെ താമസിക്കാറ്. ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ഇയാൾ മുങ്ങിയെന്നാണ് വിവരം
. സായുജിന്റെയും, സുഹൃത്തുക്കളുടെയും ലഹരി ഇടപാടുകൾ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണത്രെ അക്രമം നടന്നത്.
Azhinjadi Lahari gang in Thalassery; 2 injured including CPM branch member
