ചമ്പാട്:(www.panoornews.in) ചമ്പാട് വെസ്റ്റ് യൂപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആശ്രിദിൻ്റെ പ്രഥമ ചിത്രപ്രദർശനം ആസ്വാദക മനം കവരുന്നു. കതിരൂർ ആർട്ട് ഗ്യാലറിയിലാരംഭിച്ച പ്രദർശനം കാണാൻ സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേരാണ് എത്തുന്നത്. പ്രദർശനം ശനിയാഴ്ച സമാപിക്കും. പൊന്ന്യം മൂന്നാം മൈലിലെ ഗിരീഷ് കരുവാത്ത് - ശ്രീജിത ദമ്പതികളുടെ മകനാണ് ആശ്രിദ്.



സംസ്ഥാന സർക്കാറിൻ്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് കൂടിയാണ് ഈ കൊച്ചു മിടുക്കൻ. എൽ കെ ജി മുതൽ ചിത്രം വരയോട് ആഭിമുഖ്യം കാണിച്ച ആശ്രിദിനെ അമ്മ ശ്രീജിതയാണ് ചിത്രകാരനായ പൊന്ന്യം സുനിലിൻ്റെയടുത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് ചിത്രരചനയിൽ തിളങ്ങിയ ആശ്രിദ് ജില്ലക്കകത്തും,
പുറത്തുമായി 80 ഓളം ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ടെന്ന് അമ്മ ശ്രീജിത പറഞ്ഞു. കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങളാണ് കൂടുതലായും അശ്രിദിൻ്റെ ചിത്രങ്ങളിലെ പ്രമേയം. 31 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആശ്രിദ് ആദ്യം പഠിച്ച പൊന്ന്യം വെസ്റ്റ് മുണ്ടോളി എൽ പി സ്കൂളിൽ നിന്നും, ചമ്പാട് വെസ്റ്റ് യൂപി സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ ചിത്ര പ്രദർശനം കാണാൻ എത്തിയിരുന്നു. കൂട്ടുകാരിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചതെന്ന് ആശ്രിദ് പറഞ്ഞു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Ashridin, a 5th class student of Champat West UP School, has his first film exhibition which is captivating the audience.
