ചമ്പാട്:(www.panoornews.in) സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തതിൻ്റെ നേർ സ്മാരകം, അടച്ചിട്ട മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയം ഇതേവരെ തുറന്നില്ല .ശിലാഫലകത്തിന് സമീപം റീത്ത്.



സ്പീക്കറും, സ്ഥലം എം എൽ എയുമായ അഡ്വ.എ.എൻ ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപ ഉപയോഗിച്ച് പണിത ഇൻഡോർ സ്‌റ്റേഡിയത്തിന് റീത്ത് വച്ചു.
ശിലാഫലകത്തിന് മുകളിലാണ് റീത്ത് വച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ജന രോഷമാണ് ഇതിന് പിന്നിലെന്നാണ് സൂചന. 2020 ഒക്ടോബർ 28 ന് അന്ന് സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി ജയരാജൻ ആണ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
എന്നാൽ രണ്ട് വർഷത്തിനകം നിർമ്മാണത്തിലെ അപാകതകൾ കാരണം അതീവ ദുരിതാവസ്ഥയിലായിരുന്നു സ്റ്റേഡിയം. നിരവധി തവണ രേഖാമൂലവും വാക്കാലും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
തേക്ക് തടികൊണ്ട് പാകിയ കളിസ്ഥലം മുഴുവൻ മഴ വീണ് ദ്രവിച്ചിരുന്നു. കളിക്കാനെത്തുന്നവരായിരുന്നു സ്റ്റേഡിയം പരിപാലിച്ചിരുന്നത്. വുഡൻ പാനലിംഗിന് വേണ്ടി ഒരു പരിചയവുമില്ലാത്ത കരാറുകാരൻ ഇരുമ്പാണികൾ അടിച്ചു താഴ്ത്തിയതോടെ ആണികൾ പൊങ്ങി വന്ന് കൈയ്യും, കാലും മുറിഞ്ഞവരുണ്ട്. സൂര്യപ്രകാശം തടയുന്നതിന് വേണ്ടി ഉയരത്തിൽ മറയായി കെട്ടിയ ഷീറ്റുകൾ കാറ്റത്ത് മുറിഞ്ഞ് താഴെ വീഴുകയും ചെയ്തിരുന്നു.
എം എൽ എ ഫണ്ടിൽ നിന്നും വകയിരുത്തിയ ഒരു കോടി 27 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം പണിതത്. ചമ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. സി കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലനവും, വോളിബോൾ പരിശീലനവും ഷട്ടിൽ കളിയുമെല്ലാം ഇവിടെ നടന്നിരുന്നു.
50 ഓളം വിദ്യാർത്ഥികൾക്ക് കെ.സി.കെ ഇവിടെ കായിക പരിശീലനം നൽകിയിരുന്നു. എന്നാൽ അറ്റകുറ്റപണിയുടെ പേരിൽ പൂട്ടിയിട്ട സ്റ്റേഡിയം ഇതേവരെ തുറന്നിട്ടില്ല. ഇതിൽ പ്രതിഷേധമുള്ള കായിക പ്രേമികളാവാം റീത്ത് വച്ചെതെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് റീത്ത് ശ്രദ്ധയിൽപ്പെട്ടത്.
A mere #monument to #misappropriation of# government funds, the# closed #Mithale Champat #Indoor Stadium remains unopened;Wreath near plaque
