(www.panoornews.in)മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ന്‍ ഇടപാടിനിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 53 ഗ്രാം കൊക്കെയ്‌നും പതിനായിരം രൂപയും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു.



മുംബൈയിലെ മയക്കുമരുന്ന് കച്ചവടക്കാരനായ വംശ് ധാക്കറില്‍നിന്നാണ് ഡോ. നമ്രത കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഡോക്ടര്‍ വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതിന്റെ പണവും ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് വംശ് ധാക്കറിന്റെ ഏജന്റായ ബാലകൃഷ്ണ ഹൈദരാബാദിലെത്തി കൊക്കെയ്ന്‍ കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞിട്ട് പിടികൂടിയത്.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഏറെനാളായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 70 ലക്ഷത്തോളം രൂപ മയക്കുമരുന്നിനായി ചെലവഴിച്ചെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയാണ് 'ഒമേഗ ഹോസ്പിറ്റല്‍സ്'. കാന്‍സര്‍ ചികിത്സ നല്‍കുന്ന ഒമേഗ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സിഇഒയാണ് റേഡിയോളജിസ്റ്റായ നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹന വംശിയുടെ മകള്‍ കൂടിയാണ് ഇവര്‍.
Hospital CEO, female doctor caught with cocaine worth Rs 5 lakh; middleman also arrested
