പാനൂർ:(www.panoornews.in) പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ തലശേരി ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി മുൻപാകെ സാക്ഷിവിസ്താരം ആരംഭിച്ചു. കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായെ കെ വിജയെനെയാണ് ജഡ്ജ് എ.വി. മൃദുല മുൻപാകെ ആദ്യം വിസ്തരിച്ചത്.



പ്രോസിക്യൂഷന് വേണ്ടി വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത് കുമാറിന്റെ ചീഫ് വിസ്താരത്തിൽ പോലീസ് വിളിപ്പിച്ചതിനെ തുടർന്ന് പാനൂർ പോലീസ് സ്റ്റേഷനിലെത്തി പ്രതിയെ കണ്ടതും, അതേ ആൾ തന്നെയാണ് ഇപ്പോൾ കോടതിയിലെ പ്രതിക്കൂട്ടിലുള്ളതെന്നും ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു.
ഒന്നാം സാക്ഷിയെ പിന്നീട് പ്രതിഭാഗം ക്രോസ് വിസ്താരം നടത്തി. ലിസ്റ്റ് ചെയ്തതു പ്രകാരം രണ്ടാം സാക്ഷി ഹാജരാവാത്തതിനെ തുടർന്ന് ഇയാളുടെ വിചാരണ പിന്നീട് നടത്തും.
വെള്ളിയാഴ്ച കേസ് അവധിയാണ്. ശനിയാഴ്ച 3, 4, 5 സാക്ഷികളെ വിസ്തരിക്കും. വിസ്താരം നവമ്പർ 11 വരെ നീളും. 2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കേസിൽ 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സി.ഐ എംപി ആസാദ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവ ദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയ്യിൽ കരുതിയ മാരകായുധമുങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല നടന്ന ദിവസം തന്നെ അറസ്റ്റിലായ ഇയാൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കേസിൽ 73 സാക്ഷികളെ പ്രോസി ക്യൂഷൻ വിസ്തരിക്കും. പ്രതി ഭാഗത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ പ്രവീൺ, അഭിലാഷ് മാത്തൂർ എന്നിവരാണ് വാദിക്കുന്നത്.
#Testimony has #started in the #Vishnu Priya murder case in #Panoor;The# first#witness #identified the#accused.
