പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട താഴെ ചമ്പാട് ടൗണിലെ മുഴുവൻ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ഖരമാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനക്ക് കൈമാറും.



താഴെ ചമ്പാട് ടൗണിൽ ചേർന്ന യോഗത്തിലാണ് ഖരമാലിന്യ കൈമാറ്റ ധാരണാപത്രങ്ങൾ വ്യാപാരികൾ - പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനും ഹരിത കർമ്മ സേനക്കും കൈമാറിയത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു ടൗണിലെ മുഴുവൻ വ്യാപാരികളും ഖരമാലിന്യ കൈമാറ്റ ധാരണാപത്രത്തിൽ ഒപ്പിടുകയും യൂസർഫി നല്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് വൃത്തിയുള്ള കേരളം സ്ഥാപിക്കാനുള്ള വലിച്ചെറിയൽ മുക്ത ജില്ല എന്ന ക്യാമ്പയിന്റെ ഭാഗമായാണ് വ്യാപാരികളും ഹരിത കർമ്മ സേനയും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറിയത്.
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും വ്യാപാരി സമിതി ചമ്പാട് യൂണിറ്റും മുൻ കൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചത്. ധാരണാപത്ര കൈമാറ്റ ചടങ്ങ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ.കെ.മണിലാൽ അധ്യക്ഷനായി. വ്യാപാരി സമിതി ഭാരവാഹി വി.പി.സുധി ധാരണാപത്രം കൈമാറി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഖര മാലിന്യ സംസ്കരണത്തിനായി സംഭാവന ചെയ്ത വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ശശിധരൻ നിർവ്വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ കോ - ഓഡിനേറ്റർ ഇ കെ. സോമശേഖരൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കൂടത്തിൽ രാജൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി സുഭാഷ് , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലത കാണി, വി.ഇ.ഒ നിരൂപ് കുമാർ എന്നിവർ സംസാരിച്ചു. പന്ന്യന്നൂർ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളും താഴെ ചമ്പാട് ടൗണിലെ വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.
The traders handed over the solid waste transfer agreement to the Panchayat
