ഇരിട്ടി:(www.panoornews.in)ഇരിട്ടി ഉളിയിലെ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 60,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചു. ഉളിയിൽ സ്വദേശി ഖദീജയെ കൊലപ്പെടുത്തിയത് രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിലാണെന്ന് കോടതി കണ്ടെത്തിയിരുന്നു.


അന്തിമ വാദത്തിൽ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. 2012 ഡിസംമ്പർ 12 -ന് ഉച്ചയ്ക്കാണ് കേസിന്നാസ്പദമായ സംഭവം. ഖദീജയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിനെ ഗുരുതരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യം വിവാഹം ചെയ്തയാളെ ത്വലാഖ് നടത്തിയ ശേഷമായിരുന്നു പ്രതികൾ രണ്ടാം കല്യാണത്തിനെന്ന വ്യാജേന ഖദീജയെയും രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്ക് സ്വദേശി ഷാഹുൽ ഹമീദിനെയും വിളിച്ചുവരുത്തിയത്. തുടർന്ന് ഖദീജയെ കൊലപ്പെടുത്തുകയും ഷാഹുൽ ഹമീദിനെ ആക്രമിക്കുകയുമായിരുന്നു. കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.വി വേണുഗോപാലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി.
Iritty Uli honor killing: Brothers of murdered 28-year-old Khadija sentenced to life imprisonment
