പാനൂർ:(www.panoornews.in) കനത്ത മഴയിൽ വീടിൻ്റെ അടുക്കളഭാഗവും, ശുചിമുറിയും, കിണറിൻ്റെ ആൾമറയും തകർന്നു വീണു. അണിയാരം പാലിലാണ്ടിപീടികയിൽ മാരൻ്റെ താഴെകുനിയിൽ നസീമയുടെ ഉടമസ്ഥയിലുള്ള വീടിൻ്റെ ഒരു ഭാഗമാണ് പൂർണമായും തകർന്നുവീണത്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.
മേൽക്കൂരയും ഓടുകളും, ചുമരുൾപ്പെടെ നിലം പതിച്ചു. നിത്യോപയോഗ പാത്രങ്ങളും വീണുടഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ പതിച്ചു കിണർ ഉപയോഗശൂന്യമായി. അപകടം നടക്കുബോൾ നസീമയും ഭർത്താവ് ഹംസയും, മക്കളും ചെറുമക്കളും വീട്ടിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.


വീഴ്‌ചയുടെ ആഘാതത്തിൽ വീട് ആകെ കുലുങ്ങിയതോടെയാണ് എല്ലാവരും ഞെട്ടിയുണർന്നത്. സിപിഎം പെരിങ്ങളം ലോക്കൽ സെക്രടറി പിപി ജാബിർ, മുസ്ലിം ലീഗ് നേതാവ് ഇ.എ നാസർ,കർഷകസംഘം പാനൂർ ഏരിയ കമ്മിറ്റി അംഗം ആർഎംഅബ്ദുൽ റഹിമാൻ, സിപിഎം കാരപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി എ കെ രാജീവൻ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചു. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
House collapsed in heavy rain in Panur Aniyaram; Family including children barely escaped
