ചമ്പാട്: (www.panoornews.in) ചമ്പാട് കനത്ത മഴയിലും, കാറ്റിലും കടപുഴകി വീടിന് മുകളിലേക്ക് വീഴാറായി 2 തെങ്ങുകൾ. മേലെ ചമ്പാട് കുന്നുമ്മല കണ്ടിയിൽ അബ്ദുള്ളയുടെ വീടാണ് അപകടാവസ്ഥയിലായിരുന്നത്. ഏറെ നേരം പണിപ്പെട്ടാണ് തെങ്ങുകൾ മുറിച്ചുമാറ്റിയത്.
രണ്ടു ദിവസം മുമ്പ് പെയ്ത കനത്ത മഴയിലാണ് സമീപവാസിയുടെ തെങ്ങ് കടപുഴകി അബ്ദുള്ളയുടെ വീടിന് മുകളിലേക്ക് പതിച്ചത്. എന്നാൽ അബ്ദുള്ളയുടെ വീട്ടിലെ മറ്റൊരു തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. 2 തെങ്ങുകളും അപകടാവസ്ഥയിലായതോടെ വീട്ടുകാരും, നാട്ടുകാരും ഭീതിയിലായി. മരം വെട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അപകട സാധ്യത മുന്നിൽ കണ്ട് അവർ പിന്മാറി. തുടർന്ന് വാർഡ് കൺവീനർ കൂടിയായ നസീർ ഇടവലത്ത് ഫയർഫോഴ്സിൻ്റെ സഹായം തേടി. അസി. ഫയർ സ്റ്റേഷൻ ഓഫീസർ കെ.ദിവുകുമാറിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തൊഴിലാളികൾക്ക് തെങ്ങ് മുറിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത് നൽകുകയായിരുന്നു. ഫയർ & റസ്ക്യു ഓഫീസർമാരായ കെ.ബിജു, ടി.ഇ ജിജേഷ്, എം.വിപിൻ, സി. കൃഷ്ണദാസ്, കെ.വി.രത്നാകരൻ മരംവെട്ട് തൊഴിലാളികളായ കനകൻ, മോഹനൻ, മനോജ് എന്നിവരും ഏറെ നേരം കഠിനധ്വാനം ചെയ്താണ് തെങ്ങ് മുറിച്ച് മാറ്റിയത്. വീട്ടിലേക്ക് ചാഞ്ഞ അബ്ദുള്ളയുടെ തെങ്ങും പിന്നീട് മുറിച്ചു മാറ്റി. പാനൂർ മേഖലയിൽ ഉടനീളം 20 ഓളം മരങ്ങളാണ് രണ്ട് ദിവസങ്ങളിലായി ഫയർഫോഴ്‌സ് മുറിച്ച് നീക്കിയത്.
2 coconut trees fell on top of a house due to heavy rain and wind in Chambad; Panur Fire Force and locals bravely cut and removed them
