പന്തക്കൽ :(www.panoornews.in)കനത്ത മഴയിൽ പന്തക്കൽ മൂലക്കടവിൽ കൂറ്റൻ തണൽ മരത്തിൻ്റെ ശിഖിരങ്ങൾ പൊട്ടിവീണ് 3 ഓട്ടോറിക്ഷകൾ തകർന്നു
മൂലകടവിലെ ഓട്ടോസ്റ്റാൻ്റിലാണ് അപകടമുണ്ടായത്. അപകടാവസ്ഥയിലായ തണൽ മരത്തിൻ്റെ ശിഖിരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യം ശക്തമാണ്.



പന്തക്കൽ മൂലക്കടവിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷകളുടെ മുകളിലാണ് തണൽ മരത്തിൻ്റെ ശിഖിരം പൊട്ടിവീണത്.
ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് അപകടമുണ്ടായത്. ഡ്രൈവർ ചിരുകണ്ടോത്ത് രാജു, ശശിധരൻ എന്നിവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് മൂന്ന് ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പന്തക്കലെ ചിരുകണ്ടോത്ത് രാജുവിൻ്റെ ആപ്പെ ഓട്ടോയ്ക്ക് മുകളിലാണ് തടി മരം വീണത്.
ഓട്ടോയുടെ മുകൾ ഭാഗത്തെ ഷീറ്റ് തകർന്നു. മരം വീഴുമ്പോൾ ഡ്രൈവർ രാജു ഓട്ടോറിക്ഷയിൽ ഇരിക്കുകയായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് മരം കീഴെ വീണത്. ലൈനുകൾ കൂട്ടിയുരസി തീജ്വാലകളും ഓട്ടോയുടെ മുകളിൽ പതിച്ചിരുന്നു.
ഓട്ടോവിൽ ചാരി നിന്നിരുന്ന മറ്റു ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ശശിധരൻ്റെ ഓട്ടോക്ക് മുകളിൽ ശിഖിരം പൊട്ടിവീണത്. തലശേരിയിലെ മറ്റൊരു ഓട്ടോക്കും കേടുപാടുണ്ടായി. ഇതോടെ ഓട്ടോസ്റ്റാൻ്റ് പൂർണമായും പന്തക്കൽ റോഡിലേക്ക് മാറ്റി.
അപകടാവസ്ഥയിലായ കൂറ്റൻ തണൽ മരത്തിൻ്റെ ഉണങ്ങിയ ശിഖിരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവർമാർ കുറ്റപ്പെടുത്തി. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്.
മാഹിയിലേക്കുള്ള പി.ആർ.ടി.സി ബസുകൾ നിർത്തിയിടുന്ന സ്ഥലം കൂടിയാണിത്. പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ ബസ് കാത്തിരിക്കുന്നതും, നടന്നു പോകുന്നതും ഇതുവഴിയാണ്. ഒരപകടത്തിന് കാത്തു നിൽക്കാതെ അധികാരികൾ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
3 autorickshaws were crushed by the branches of a huge shade tree at Panthakkal Mulakkadavu during heavy rains; drivers miraculously escaped, auto stand moved
