(www.panoornews.in)ബൈക്കപകടത്തിൽ യുവതി മരിച്ചത് അപകട മരണമല്ലെന്ന് പൊലീസ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാല്‍ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്കുശേഷം അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമംനടന്നു.



ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. രേണുകയെ ശനിയാഴ്ച രാത്രി സന്തോഷിന്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി.
പിന്നീട് മലബാഡി ഗ്രാമത്തിന് സമീപം അവര്‍ രേണുകയെ ബൈക്കില്‍നിന്ന് തള്ളിയിട്ടു. തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ ഇടിച്ചു. പിന്നീട് സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു. മോട്ടോര്‍ സൈക്കിളില്‍നിന്ന് വീണതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു. മരണത്തില്‍ സംശയംതോന്നിയ രേണുകയുടെ ബന്ധുവായ ഹരീഷ് മല്ലികാര്‍ജുന്‍ പോലീസില്‍ പരാതിനല്‍കി.
പോലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. കുറ്റകൃത്യത്തിന് പ്രേരണനല്‍കിയതില്‍ രേണുകയുടെ ഭര്‍ത്താവ് സന്തോഷിനും പങ്കുണ്ടെന്നു തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് അറിയിച്ചു. പ്രതികളായ സന്തോഷ്, കമണ്ണ, ജയശ്രീ എന്നിവരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
No children even after years of marriage; Woman killed by in-laws after being pushed off bike, 3 people including husband arrested
