നാദാപുരം :(www.panoornews.in)സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണം പൂശിയ വള പണയം വെച്ച് തട്ടിപ്പ് നടത്തിയ നാദാപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.



നാദാപുരം പഞ്ചായത്ത് ഏഴാം വാർഡ് ബൂത്ത് സെക്രട്ടറിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വിഷ്ണുമംഗലത്തെ പുനത്തി കണ്ടിയിൽ പി.കെ സുഭാഷ് (47) നെയാണ് കുറ്റ്യാടി സി ഐ കൈലാസ നാഥ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത - ബി എൻ എസ് 318 ( 4 ) പ്രകാരമുള്ള കേസിൽ കോടതി പ്രതിയെ ജയിലിലടച്ചു.
കുറ്റ്യാടിയിലെ സൗത്ത് ഇന്ത്യ ഫിനാൻസ് മാനേജർ ജെനിൽ രാജ് നൽകിയ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
2024 ഒക്ടോബർ എട്ടിന് പകൽ 12 ന് സൗത്ത് ഇന്ത്യ ഫിനാൻസിൽ സുഭാഷ് എത്തി നാലര പവൻ തൂക്കമുള്ള സ്വർണ വളയെന്ന് പറഞ്ഞ് സ്വർണം കവർ ചെയ്ത ചെമ്പ് വള പണയം വെച്ച് 213896 രൂപ വാങ്ങി. മൂന്ന് മാസം കഴിഞ്ഞും പണയ വസ്തു വാങ്ങിയില്ല. ഇതിനിടയിൽ ബാങ്കിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫിനാൻസ് അധികൃതർ പരാതി നൽകിയത്.
ബോധപൂർവ്വം തട്ടിപ്പ് നടത്തുകയായിരുന്നു വെന്നും നിരവധി തവണ പണയം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. പലിശ അടക്കം രണ്ടര ലക്ഷത്തോളം രൂപ സ്ഥാപനത്തിനത്തിന് ലഭിക്കാനുള്ളതായി മാനേജർ പറഞ്ഞു.
Congress leader in Nadapuram remanded for embezzling lakhs by pledging gold-plated bangle in financial institution
