പേരാമ്പ്ര :(www.panoornews.in)യുവതിയെ ഭർത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി. കോട്ടൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മൂലാട് അംഗൻവാടിക്ക് സമീപം പാറക്കണ്ടി സജീവന്റെ ഭാര്യ ലിജി സജിയാണ് (49) രണ്ട് ദിവസമായി വീടിനു പുറത്തായത്.



കഴിഞ്ഞ ദിവസം ഗേറ്റിനു പുറത്തായിരുന്നെങ്കിലും അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തില്‍ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ച് വീടിന്റെ വരാന്തയില്‍ എത്തിയിട്ടുണ്ട്. ഹൃദ്രോഗിയായ ലിജി രണ്ട് ദിവസമായി ഭക്ഷണം പോലും കൃത്യമായി കഴിക്കാത്ത അവസ്ഥയിലാണ്. 28 വര്‍ഷം മുമ്പായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം നടന്നത്.
നാടുവിട്ട് പഞ്ചാബില്‍ എത്തിയ സജീവനെ പരിചയപ്പെട്ട ലിജി പിന്നീട് സജീവനെ വിവാഹം ചെയ്യുകയായിരുന്നു. ലിജിയുടെ സഹായത്തോടെ അന്ന് സജീവന് അവിടെയുള്ള ആക്രി കടയില്‍ ജോലിയും കിട്ടി. എന്നാല്‍ പിന്നീട് സജീവന് ലിജിയുടെ ആളുകളുടെ സഹായത്തോടെ അമേരിക്കയില്‍ എത്തുകയായിരുന്നു.
അവിടെ ബിസിനസ് ആരംഭിക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്നും സജീവന് നാട്ടിലെത്തിയാല്‍ പഞ്ചാബില്‍ എത്തി ലിജിയെയും കൂട്ടി നാട്ടില്‍ എത്തുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി ഉണ്ടായ അടുപ്പം ലിജി അറിഞ്ഞതോടെ പ്രശ്നമാകുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഈ സംഭവം അറിഞ്ഞ ലിജി തനിക്കും മകള്‍ക്കും വീടും സ്ഥലവും നല്‍കണമെന്നും ചെലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സജീവനെതിരെ പേരാമ്പ്ര കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. 2023 ഒക്ടോബര്‍ 19ന് കോടതി ഇവര്‍ക്ക് വീട്ടില്‍ കയറി താമസിക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.
എന്നാല്‍ വീട്ടിലെത്തിയ ലിജിയെ സഹോദരങ്ങള്‍ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. സജീവന് നാട്ടില്‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോയ ലിജി കഴിഞ്ഞ വിഷുവിന് സജീവനും അമേരിക്കക്കാരിയായ യുവതിയും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പഞ്ചാബിലെ ജോലി സ്ഥലത്ത് നിന്നും മൂലാട് എത്തിയത് എന്നാല്‍ ലിജിയെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല വീട് അനിയന്റെ പേരിലാണെന്നും ഇവിടെ കയറാന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
19ന് വീട്ടില്‍ കയറി താമസിക്കാന്‍ കോടതി ഉത്തരവ് ഇറക്കിയതിന് ശേഷം സജീവന് വീടും സ്ഥലവും സഹോദരന് ബിജുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലെത്തിയ സജീവനും സുഹൃത്തായ യുവതി ഷായാഷേയും ഇപ്പോള്‍ തറവാട് വീട്ടില്‍ അനിയനോടൊപ്പമാണ് താമസമെന്നും ലിജി പറഞ്ഞു.
25 വയസ്സുള്ള മകളും താനും താമസിക്കാന്‍ വീടില്ലാതെ പ്രയാസത്തില്‍ ആണെന്ന് കാണിച്ചാണ് ലിജി ഇപ്പോള്‍ കോടതിയെ സമീപിച്ചത്. കോടതി ഇവര്‍ക്ക് വീട്ടില്‍ കയറി താമസിക്കാന്‍ അവസരം ഒരുക്കാന്‍ പേരാമ്പ്ര പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
പൊലീസ് സജീവന്റെ വീട്ടില്‍ എത്തി വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സജീവനും കുടുംബവും ഇതുവരെ വീട് തുറന്നു കൊടുക്കാന്‍ തയാറായിട്ടില്ല. ജോര്‍ജിയയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന മകളും നാട്ടില്‍ എത്തിയാല്‍ ആകെ പ്രയാസത്തിലാകുമെന്നാണ് ലിജി പറയുന്നത്.
Complaint filed in Perambra that a woman was thrown out of her house by her husband; Despite a court order, she was not allowed to enter the house
