(www.panoornews.in)സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്.



അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും.
ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അതിനായി 1800 കോടി രൂപയോളം വേണം. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അവശേഷിക്കുന്ന രണ്ട് ഗഡു കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തുതീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അഞ്ചു ഗഡുക്കളാണ് പെൻഷൻ ഇനത്തിൽ കുടിശ്ശികയായുണ്ടായിരുന്നത്. അതിൽ രണ്ട് ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തു. സംസ്ഥാനത്തെ 62 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ അതത് മാസം തന്നെ പെൻഷൻ വിതരണം നടന്നിട്ടുണ്ട്.
You will get a pension of Rs 3200 next month; Government decides to pay one more installment of arrears
