(www.panoornews.in)തെലങ്കാനയില്‍ മൂന്ന് മക്കളെ അമ്മ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഗറെഡ്ഡി ജില്ലയില്‍ 38 വയസ്സുള്ള രജിത എന്ന അധ്യാപികയാണ് കേസിലെ പ്രതി. തന്റെ മുന്‍ സഹപാഠിയെ വിവാഹം കഴിക്കാന്‍ വേണ്ടി മൂന്ന് മക്കളെ ഒഴിവാക്കാനായിരുന്നു ക്രൂരകൃത്യമെന്ന് പോലീസ് പറയുന്നു.



പന്ത്രണ്ട് വയസ്സുള്ള സായ് കൃഷ്ണ, പത്ത് വയസ്സുള്ള മധു പ്രിയ, എട്ട് വയസ്സുള്ള ഗൗതം എന്നിവരാണ് മരിച്ച കുട്ടികള്‍. മാര്‍ച്ച് 27-നാണ് സംഭവം. കുട്ടികളുടെ പിതാവും രജിതയുടെ ഭര്‍ത്താവുമായ ചെന്നയ്യ ജോലിക്കു പോയിരിക്കുകയായിരുന്നു. ഇദ്ദേഹം വീട്ടിലെത്തിയപ്പോള്‍ രജിത തളര്‍ന്ന് കിടക്കുന്നതു കണ്ടു. മക്കള്‍ ബോധരഹിതരായ അവസ്ഥയിലായിരുന്നു.
അത്താഴത്തിന് താനും കുട്ടികളും തൈര് കഴിച്ചുവെന്നും അതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം തുടങ്ങിയതെന്നും രജിതെ ചെന്നയ്യയോട് പറഞ്ഞു. വിഷബാധയായിരിക്കുമെന്ന നിഗമനത്തോടെ അയല്‍വാസികളുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ നേരത്തേതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രജിതയെ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് രജിതയുടെ മൊഴിയില്‍ സംശയം തോന്നുന്നത്. കുട്ടികളുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ശ്വാസതടസ്സമാണ് മരണകാരണമെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സത്യം ചുരുളഴിയുകയായിരുന്നു.
അടുത്തിടെ സ്‌കൂള്‍ റീയൂണിയനില്‍ തന്റെ സഹപാഠിയായ ശിവകുമാറിനെ രജിത വീണ്ടും കണ്ടുമുട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൗഹൃദം പുനഃസ്ഥാപിച്ചതോടെ അവര്‍ നിത്യവും സംസാരിക്കാന്‍ തുടങ്ങി. താമസിയാതെ സൗഹൃദം പ്രണയമായി മാറി. കുട്ടികളില്ലാതെ വന്നാല്‍ താന്‍ സ്വീകരിക്കുമെന്ന് രജിതയ്ക്ക് ശിവകുമാര്‍ ഉറപ്പ് നല്‍കി.
കുടുംബത്തെ ഉപേക്ഷിച്ച് കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാന്‍ രജിത തീരുമാനിച്ചു. ഭാവിയില്‍ കുട്ടികള്‍ ബാധ്യതയാകുമെന്ന് ഇവര്‍ കരുതിയെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയം നോക്കി രജിത മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
അത്താഴത്തിന് ശേഷം കുഴഞ്ഞ് വീണതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഭക്ഷണസാധനങ്ങള്‍ തറയിലിട്ടു. ഭര്‍ത്താവ് വരുന്നതിന് മുന്‍പ് ചെറിയ അളവില്‍ രജിത വിഷം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഈ നീക്കം. സംഭവത്തില്‍ രജിതയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
Teacher strangles three children to death, boyfriend offers to take her with him if she comes without children, both arrested
