കണ്ണൂർ :(www.panoornews.in) ആശാരിക്കമ്പനി റോഡിന് സമീപത്തെ രണ്ട് വീടുകളിൽ നിന്ന് പണവും ലാപ്‌ടോപ്പും കവർന്നു.



കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല. ‘സുരഭി’യിൽ ശോഭന രാമന്റെ വീട്ടിലെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്.
കണ്ണൂർ : (www.panoornews.in)ശോഭന രാമനും കുടുംബവും ശനിയാഴ്ച ഗുരുവായൂർ പോയിരുന്നു. അലമാര പൊളിച്ച് 38,000 രൂപയാണ് കവർന്നത്. സ്വർണത്തിന് വേണ്ടിയുള്ള തിരച്ചിലിൽ വസ്ത്രങ്ങൾ വാരി വലിച്ച് ഇട്ടിരിക്കുകയാണ്.
തൊട്ടടുത്ത ‘കൃഷ്ണ’യിൽ പി കെ ശോഭനയുടെ വീട്ടിലെ മുകൾത്തട്ടിലെ കക്കൂസിന്റെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.
താഴെ നിലയിൽ മേശപ്പുറത്ത് വച്ച ലാപ്ടോപ്പാണ് കവർന്നത്. ശോഭന വീട് പൂട്ടി അലവിലെ മകളുടെ വീട്ടിൽ താമസിക്കാൻ പോയിരുന്നു.
ഇരുവരും ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരിച്ച് എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. പി കെ ശോഭനയുടെ വീടിന്റെ വെന്റിലേറ്ററിലുടെ വളരെ മെലിഞ്ഞ ആൾക്ക് മാത്രമെ കടക്കാൻ കഴിയുള്ളുവെന്നാണ് വളപട്ടണം പോലീസിന്റെ നിഗമനം.
എഎസ്‌പി ബി കാർത്തിക്, ഇൻസ്പക്ടർ ടി പി സുമേഷ്, എസ്ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധിച്ചു. കേസ് രജിസ്റ്റർ ചെയ്തു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുത്തു.
പോലീസ് നായ തൊട്ടടുത്ത മറ്റൊരു റോഡിന് സമീപം താമസിക്കുന്ന വാടക ക്വാർട്ടേർസിലേക്ക് പോയി മണം പിടിച്ചിട്ടുണ്ട്.
Burglary at two houses: Money and laptop stolen
