പാനൂർ (www.panoornews.in)യുവാക്കളെ സർക്കാർ ജോലിക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പാനൂർ പൊലീസ് നേതൃത്വത്തിൽ ആരംഭിച്ച ഇൻസൈറ്റ് പദ്ധതി ഫലപ്രാപ്തിയിലേക്ക്. നാലുപേർ കൂടി സർക്കാർ സർവീസിലെത്തിയതോടെ ഇതുവരെ സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചത് 86 പേരാണ്.



പാനൂർ മേഖലയിൽ യുവതി - യുവാക്കളെ സർക്കാർ സർവീസിൽ എത്തിക്കുകയെ ന്ന ഉദ്ദേശത്തോടെ 2018ൽ അന്നത്തെ സിഐ വി.വി ബെന്നിയാണ് ഇൻസൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
നിലവിൽ വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ബെന്നി. ഒരു വീട്ടിൽ ഒരു സർക്കാർ ജോലിയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇൻസൈറ്റിന് വിരമിച്ച കായികാധ്യാപകരും, സാമൂഹ്യ പ്രവർത്തകരും സാംസ്കാരിക സംഘടനകളും പിന്തുണ നൽകിയതോടെ ആറ് വർഷം കൊണ്ട് പാനൂരിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരെ സംഭാവന ചെയ്ത സ്ഥാപനമായി ഇൻസൈറ്റ് മാറി.
പാനൂർ, ചൊക്ലി, കൊളവല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിലാണ് ഇൻസൈറ്റ് പ്രവർത്തനം. നൂറുകണക്കിന് പേരാണ് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്.
പാനൂർ ഹയർസെക്കൻ്ററി സ്കൂൾ മൈതാനത്ത് അതികഠിനമായ കായിക പരിശീലനമാണ് നൽകുന്നത്. ഇതിനകം 86 പേരാണ് ഇവിടെ നിന്ന് സർക്കാർ ജോലിയുടെ ഭാഗമായത്.
കഴിഞ്ഞ ദിവസം കേരള പൊലീസിലൂടെ സർക്കാർ സർവീസിലെത്തിയത് ആർ ദേവാനന്ദ്, വി.കെ അമൽ, ശ്രീരൂപ്, ജിതിൻ മോഹനൻ എന്നിവരാണ്. പരിശീലനം നൽകുന്ന ഹൈസ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലേൻ ഉപഹാരങ്ങൾ സമ്മാനിച്ചു.
V.V. Benny's 'Insight' clicked; 86 people became part of government service in Panur
