(www.panoornews.in)എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി.
പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.
കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം.
ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ് ഐ ടി അന്വേഷിക്കണം. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ് ഐടി പരിശോധിക്കണം.
അന്വേഷണത്തിന് ശേഷം ഡ്രഫാറ്റ് ഫൈനൽ റിപ്പാർട്ട് ഡിഐജി ക്ക് മുമ്പിൽ നൽകി അപ്രൂവൽ വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ കോടതി വിധിയിൽ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി.
കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് പ്രതീക്ഷിച്ച വിധിയല്ലെന്നും മഞ്ജുഷയും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരിച്ചു.
സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം.
നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.
കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.
ADM Naveen Babu's death; No CBI investigation, High Court rejects wife's petition