(www.panoornews.in)പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു.
മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്.
അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തിൽ യോഗം തുടങ്ങി.
മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ആദ്യം ഉദ്യോഗസ്ഥതല യോഗമാണ് നടക്കുക.
ശേഷമായിരിക്കും മറ്റു യോഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടുകൊണ്ടായിരിക്കും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.
അതേസമയം, മരിച്ച 4 പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്.
അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്.
പൊതുദർശനത്തിന് വെച്ച ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകി.
പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു.
മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻ കുട്ടി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.
# Panayampadam #accident was his fault# case of #murder filed