(www.panoornews.in)കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കാല്‍വഴുതി വീണ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയെന്ന് കുടുംബം. പെണ്‍കുട്ടി കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലെന്ന് കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എങ്ങനെയാണ് ഷഹാന മരിച്ചതെന്ന് കണ്ടെത്തണം. മൊഴി രേഖപ്പെടുത്തിയ പൊലീസിനോടും അസ്വാഭാവികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കുടുംബം വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ശ്രീനാരയണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ സ്വദേശിനിയുമായ കെ ഫാത്തിമ ഷഹാന (21) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നായിരുന്നു ഷഹാന വീണത്. ഹോസ്റ്റലിന്റെ അഞ്ചാം നിലയിലായിരുന്നു ഷഹാന താമസിച്ചിരുന്നത്. സുഹൃത്തുക്കളെ കാണാനാണ് ഷഹാന ഏഴാം നിലയില്‍ എത്തിയതെന്നാണ് വിവരം.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റും രംഗത്തെത്തി. ഏഴാം നിലയുടെ കൈവരിക്ക് മുകളില്‍ ഇരുന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഷഹാന അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Medical student's death unlikely to have been accidental, family says