(www.panoornews.in) മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകൻ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.
കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്‌ടർ സി.മനോജ് കുമാറിൻ്റേതാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലൻ ഷൈജുവിൻ്റെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി.
ഡിസംബർ മൂന്നിന് ക്ലാസ് മുറിയിൽവെച്ച് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി.
അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാർഥിക്ക് തോളെല്ലിന് പരിക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു.
വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകനിൽ നിന്ന് വിദ്യാർഥിക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഡി.ഡി.ഇ ഉത്തരവിൽ വ്യക്തമാക്കി.
ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് കണക്ക് അധ്യാപകൻ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലൻ്റെ പിതാവ് ഷൈജു പറഞ്ഞത്.
കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമിൽ പോയ അലൻ അധ്യാപകൻ അടിച്ച ഭാഗം സുഹൃത്തുകൾക്ക് കാണിച്ചു കൊടുത്തു.
തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു.
അധ്യാപിക വന്ന് പരിശോധിച്ചപ്പോൾ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്നും ഷൈജു പറഞ്ഞിരുന്നു.
Teacher beaten up for talking to student during class; action taken, suspension following complaint