(www.panoornews.in)വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വരന്‍റെ സുഹൃത്ത് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ആമസോണ്‍ ജീവനക്കാരനായ വംശിയാണ് മരിച്ചത്.
മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം വധൂവരന്‍മാര്‍ക്ക് വിവാഹസമ്മാനം കൈമാറുന്നതിനിടെ വംശി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഇയാളെ താങ്ങിയെടുത്ത് വേദിയില്‍ കിടത്തുന്നത് വീഡിയോയില്‍ കാണാം.
ബെംഗളൂരു ആമസോണില്‍ ജോലി ചെയ്യുന്ന വംശി സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ കുർണൂലിലെ പെനുമട ഗ്രാമത്തിലെത്തിയതായിരുന്നു.
വരന്‍ സമ്മാനപ്പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ വംശി കുഴഞ്ഞുവീഴുന്നത് വീഡിയോയിലുണ്ട്. ഉടന്‍ തന്നെ യുവാവിനെ ധോൻ സിറ്റി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈയിടെയായി ഹൃദയസ്തംഭനം മൂലം യുവാക്കള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയും ക്ലാസ് റൂമിലുമൊക്കെ വച്ച് യുവതീയുവാക്കള്‍ മരിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രമേഹം, അലസമായ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, സമ്മർദ്ദം, കഠിനമായ വ്യായാമങ്ങൾ, സ്റ്റിറോയിഡുകൾ എന്നിവയാണ് യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെന്ന് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ. രവി ഗുപ്ത ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാർക്ക് ജനിതകപരമായി ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ടെന്നും പാശ്ചാത്യ ജീവിതശൈലി സ്വീകരിക്കുന്നത് ഈ അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നും ഡോ.ഗുപ്ത എൻഡിടിവിയോട് പറഞ്ഞു.
അടുത്തിടെ, തമിഴ്‌നാട്ടിലെ സുന്ദപൂരിലെ ഒരു പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂളിൽ പഠിപ്പിക്കുന്നതിനിടെ 49കാരനായ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആന്‍റണി ജെറാള്‍ഡ് എന്ന അധ്യാപകന്‍ ക്ലാസ് റൂമില്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
A young man collapsed and died while giving wedding gifts to the bride and groom.