തിരുവനന്തപുരം : (www.panoornews.in) റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് മുതല്‍ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും.
മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം.റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു.
റേഷൻ വിതരണവും മസ്റ്ററിങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാല്‍ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണം എന്ന് കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി.
റേഷൻ കാർഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അയച്ച കത്തില്‍ സർക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.
ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളില്‍ ആയിരിക്കും മസ്റ്ററിങ്. റേഷൻ കടകള്‍ക്ക് പുറമേ അംഗനവാടികള്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികള്‍ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആദ്യഘട്ട മസ്റ്ററിംഗ് ഇന്ന് മുതല്‍ 24 വരെയും.
രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ഏഴ് ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും നടത്തും. തുടര്‍ന്ന് പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിംഗിന് സൗകര്യമൊരുക്കും. കാര്‍ഡിലെ അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ- പോസില്‍ വിരല്‍ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്
Ration card mustering will resume in the state from today