---
title: "കരിയാടും, ചൊക്ലിയിലും ആഞ്ഞടിച്ച്  ചുഴലി ; വീടുകൾ തകർന്നു, ലക്ഷങ്ങളുടെ നഷ്ടം, വൈദ്യുതി ബന്ധം താറുമാറായി"
english_title: "Kariyadum and Chokli are raging and stormy;Houses were destroyed, lakhs were lost and power supply was disrupted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222322/kariyadum-and-chokli-are-raging-and-stormyhouses-were-destroyed-lakhs-were-lost-and-power-supply-was-disrupted"
published_at: "2024-07-23T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fadf298ca8_Untitled-1_copy.jpg"
keywords: []
---

# കരിയാടും, ചൊക്ലിയിലും ആഞ്ഞടിച്ച്  ചുഴലി ; വീടുകൾ തകർന്നു, ലക്ഷങ്ങളുടെ നഷ്ടം, വൈദ്യുതി ബന്ധം താറുമാറായി

> **Lead Summary:** **ചൊക്ലി: **കരിയാട് പടന്നക്കരയിലും, ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പടന്നക്കര ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിനു സമീപത്തെ നാലോളം വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.

## Article Content

**ചൊക്ലി: **കരിയാട് പടന്നക്കരയിലും, ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പടന്നക്കര ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിനു സമീപത്തെ നാലോളം വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.

കൂറ്റൻ മരങ്ങൾ വീണാണ് വീടുകൾക്ക് സാരമായ രീതിയിൽ കേടുപാടുകൾ ഉണ്ടായത്. പടന്നക്കര കുഞ്ഞികണ്ടി ബാലൻറെ വീട് പൂർണമായും തകർന്നു. കുഞ്ഞികണ്ടി ശ്രീധരൻ്റെ വീടും, വീട്ടിൽ നിർത്തിയിട്ട കാറും തകർന്നു.

വീടിൻറെ ഓടുകൾ പതിച്ചാണ് മുറ്റത്ത് നിർത്തിയിട്ട കാർ തകർന്നത്. സമീപത്തെ അബ്ബാസിൻ്റെ വീട്ടുമതിൽ ഇലക്ട്രിക് പോസ്റ്റ് വീണു തകർന്നു. വടവിൽ സത്താറിൻ്റെ വീടിന് മുകളിൽ തെങ്ങും, കവുങ്ങും വീണ് കേട് പാടുണ്ടായി. പ്രദേശത്തെ നാലോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.

പാനൂർ നഗരസഭയിൽ പ്പെട്ട ഇരുപത്തിയാറാം വാർഡിലാണ് നാശനഷ്ടങ്ങളുണ്ടായത്. വീട്ടുകാർക്ക് അടിയന്തിര സഹായം സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്ന് സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കൗൺസിലർ എ.എം രാജേഷ് പറഞ്ഞു.

ഒളവിലം തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്തും വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണ് 5 വീടുകൾക്ക് കേടുപാടുണ്ടായി നിരവധി മരങ്ങൾ കടപുഴകി വീണു. നായ് പാടി ബാബൂട്ടി, ജയൻ, പറകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ മാസ്റ്റർ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ, വൈസ് പ്രസി. എം.ഒ ചന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222322/kariyadum-and-chokli-are-raging-and-stormyhouses-were-destroyed-lakhs-were-lost-and-power-supply-was-disrupted)