---
title: "വായന മരിക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്ന് ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Children's writer Raju Kattupunam says that reading is dying is a false propaganda;Pannyannoor Service Cooperative Bank felicitated the top winners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218307/childrens-writer-raju-kattupunam-says-that-reading-is-dying-is-a-false-propagandapannyannoor-service-cooperative-bank-felicitated-the-top-winners"
published_at: "2024-07-08T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba6eb08c8c_Untitled-1_copy.jpg"
keywords: []
---

# വായന മരിക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്ന് ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പന്ന്യന്നൂർ: **വായന മരിക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്ന് പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പന്ന്യന്നൂർ: **വായന മരിക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്ന് പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

80കളിലെയുള്ള പ്രചരണമാണ് വായന മരിക്കുന്നു എന്നത്. എന്നാൽ വായനയുടെ പ്രാധാന്യം വർധിച്ചിട്ടേയുള്ളൂ. അതിനുദാഹരണമാണ് അഖിൽ പി. ധർമ്മജൻ്റെ റാം കെയർ ഓഫ് ആനന്ദി എന്ന നോവൽ.

ആറുമാസത്തിനിടെ രണ്ടര ലക്ഷം കോപ്പികളാണ് വിറ്റുപോയത്. ആടുജീവിതത്തിന് ശേഷം ഇത്രയേറെ വായനയെ സ്വാധീനിച്ച ഗ്രന്ഥമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിലെ ഇടപാടുകാർക്ക് വേണ്ടി പുതുതായി ഏർപ്പെടുത്തിയ മാമ്പ പ്ലസ് ഓൺലൈൻ സേവനത്തിൻ്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് പ്രസി.എൻ. പവിത്രൻ അധ്യക്ഷനായി. കെ.സി.ഇ.യു ജില്ലാ വൈസ് പ്രസി. എം. ബാലകൃഷ്ണൻ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ബാങ്ക് ചീഫ് എക്സിക്യുട്ടീവ് കെ.സി ബിനിഷ സ്വാഗതവും, ബാങ്ക് വൈസ് പ്രസിഡണ്ട് വി.പി ശശീന്ദ്രൻ നന്ദിയും പറഞ്ഞു. ബാങ്കിൻ്റെ പരിധിയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചത്.

വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിദ്യാർത്ഥികൾക്ക് അവരുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പാസ്ബുക്ക് വഴി നൽകി. ബാങ്ക് ഡയറക്ടർമാരായ എ.ജയരാജൻ മഹിതാ മോഹൻ, പി.എം നിഷ, അനിൽകുമാർ, എൻ.ടി.കെ ബിജിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218307/childrens-writer-raju-kattupunam-says-that-reading-is-dying-is-a-false-propagandapannyannoor-service-cooperative-bank-felicitated-the-top-winners)