കണ്ണൂർ :(www.panoornews.in) സഹകരണ പ്രസ്ഥാനത്തിനേറ്റ കറുത്ത പാടായി കരുവന്നൂർ മാറിയപ്പോൾ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും അലയൊലികൾ പ്രകടം. നിക്ഷേപകർ കൂട്ടത്തോടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കുകയാണ് പലയിടങ്ങളിലും.
നിക്ഷേപകരെ അനുനയിപ്പിക്കാൻ ബാങ്കുകൾ ശ്രമിക്കുന്നുണ്ട്. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രമാണ്.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് പറയുന്നതിന് രൂപവത്ക്കരിച്ച ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് ഉറപ്പു നൽകുന്ന തുക ഒരു ലക്ഷത്തിൻ്റെ പരിരക്ഷ മാത്രമാണ്.
ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെങ്കിലും, സ്ഥാപനം പൂട്ടുമ്പോൾ സുരക്ഷിതമാകുക ഒരു ലക്ഷം രൂപ മാത്രമാണെന്ന് ചുരുക്കം. ഇതു കൂടി പുറത്തു വന്നതോടെയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഇളക്കം തട്ടി തുടങ്ങിയത്. ഇതോടെ ലോണെടുത്ത ഇടപാടുകാരുടെ കഴുത്തിന് പിടിക്കുകയാണ് ബാങ്കുകൾ.
കൃത്യമായി പണമടക്കുന്നവർക്കു പോലും നോട്ടീസുകൾ അയക്കുകയും, ഉദ്യോഗസ്ഥർ വീടുകയറിയിറങ്ങുകയും ചെയ്യുകയാണിപ്പോൾ. സാലറി സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരുടെ സ്ഥാപന മേധാവികൾക്ക് കത്തയച്ച് റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്യുകയാണ്. തലശേരി, പാനൂർ മേഖലകളിലെ സഹകരണ ബാങ്കുകളെല്ലാം ഒരു മയവും ഇല്ലാത്ത കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
കൃത്യമായി ലോൺ അടക്കുന്നവരെപ്പോലും ഉപദ്രവിക്കുന്ന നിലപാടിൽ നിന്ന് ബാങ്കുകൾ പിന്മാറണമെന്ന് പന്ന്യന്നൂരെ കെ.ടി ഉസ്മാൻ പറഞ്ഞു. ജാമ്യത്തിന് സാലറി സർട്ടിഫിക്കറ്റ് നൽകിയവരെ പോലും അക്കാരണമായി ഉപദ്രവിക്കുമ്പോൾ ഉദ്യോഗസ്ഥർ സഹായിക്കാൻ തയ്യാറാവുമോയെന്നും കെ.ടി ഉസ്മാൻ ചോദിച്ചു.
Karuvannur effect, withdrawal of deposits in co-operative banks;Banks take strict action against borrowers
