കല്ലിക്കണ്ടി: ചരിത്രത്തിൽ ചരിത്രം കുറിച്ച് കല്ലിക്കണ്ടി എൻ എ എം കോളേജ് .പരിമിതികളോട് പൊരുതി അക്ഷയ് നേടിയ വിജയത്തിനും പൊൻതിളക്കം. ചരിത്ര വിഭാഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഏറ്റവും ഉയർന്ന വിജയശതമാനമാണ് 2020 - 23 ബാച്ച് സ്വന്തമാക്കിയത്. കോളേജിൻ്റെ ചരിത്രത്തിൽ ചരിത്ര വിഭാഗം നേടിയ ഉയർന്ന വിജയശതമാനം കൂടിയാണിത്.

കണ്ണൂർ യൂണിവഴ്സിറ്റിക്ക് കീഴിലെ 15 കോളേജുകളെ പിന്തള്ളിയാണ് കല്ലിക്കണ്ടി എൻ.എ.എം കോളേജ് ചരിത്ര വിഭാഗത്തിൽ ഒന്നാമതെത്തിയത്. ചരിത്ര വിഭാഗത്തിൽ ആദ്യമായാണ് കോളേജ് ഒന്നാമതെത്തുന്നത്. സ്വന്തം പരിമതികളോട് സന്ധിയില്ലാ പോരാട്ടം അക്ഷയുടെ മികച്ച വിജയവും കോളേജിന് അഭിമാനിക്കത്തക്കതായി. ചരിത്രത്തിൽ യൂണി വാഴ്സിറ്റി ടോപ്പറാണ് അക്ഷയ്.
രാവിലെ അമ്മയാണ് അക്ഷയെ കോളേജിലെത്തിക്കുന്നത്. തുടർന്ന് വൈകീട്ട് വരെ അക്ഷയുടെ സംരക്ഷണം സഹപാഠികൾക്കാണ്. ഭക്ഷണം നൽകുന്നതുൾപ്പടെ കൂട്ടുകാർ ഭംഗിയായി ഏറ്റെടുക്കും. പഠനത്തിൽ മികച്ച നിലവാരമുള്ള അക്ഷയ്ക്ക് ഐഎഎസ് നേടുകയാണ് ലക്ഷ്യം. ഉയർന്ന മാർക്ക് നേടി കോളേജിൻ്റെ അഭിമാനമായ അക്ഷയ്ക്ക് തുടർ പഠനത്തിനുള്ള എല്ലാ സഹായവും നൽകുമെന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രിൻസിപ്പൽ ടി. മജീഷ് പറഞ്ഞു.
അക്ഷയ്ക്കുള്ള ഉപഹാരം എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി എ ഹമീദ് കൈമാറി. തന്നെ പോലെ തന്നെ പരിമിതികളോട് പൊരുതുന്നയാളാണ് അക്ഷയ് എന്നും ഉയരങ്ങളിലേക്കെത്തട്ടെ എന്നും പറഞ്ഞ പി.പി.എ ഹമീദിന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. സോഷ്യോളജി അസോസിയേറ്റ് പ്രഫസർ ഡോ. ഇ.കെ മുനീറ ബീവി അധ്യക്ഷയായി. സൂപ്രണ്ട് അലി കുയ്യാലിൽ, എം.ഇ.എഫ് സെക്രട്ടറി സമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
തങ്ങൾ നേടിയ വിജയം കണ്ട് പരിഭ്രമിക്കരുതെന്നും അടുത്ത വർഷം നിങ്ങൾക്ക് തങ്ങളെക്കാൾ ഉയർന്ന വിജയം നേടാൻ കഴിയുമെന്ന് അക്ഷയ് മറുപടി പ്രസംഗത്തിൽ ആശംസിച്ചു. അസി. ഫ്രഫസർമാരായ ഡോ.അനസ് സ്വാഗതവും, പി.കെ ഫർഹാന അഹമ്മദ് നന്ദിയും പറഞ്ഞു.
Kallikandi NAM College about history in history;Akshay's success in fighting against the limitations is also a silver lining