---
title: "തലശേരിയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം  റോഡിൽ പിഡബ്ല്യുഡി വക  കൊല്ലാകൊല യാത്ര ..."
english_title: "Kollakola Yatra by PWD on Kutimakul-Eranjoli Palam Road in Thalassery;About 18 two-wheeler riders were injured in a month after falling into huge potholes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/223137/kollakola-yatra-by-pwd-on-kutimakul-eranjoli-palam-road-in-thalasseryabout-18-two-wheeler-riders-were-injured-in-a-month-after-falling-into-huge-potholes"
published_at: "2024-07-27T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a47ae240348_Untitled-11_copy.jpg"
keywords: []
---

# തലശേരിയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം  റോഡിൽ പിഡബ്ല്യുഡി വക  കൊല്ലാകൊല യാത്ര ...

> **Lead Summary:** ***പാനൂർ : *** പാനൂരിൽ നിന്നും തലശേരിയിലേക്കും,എരഞ്ഞോളി പാലത്തേക്കു മുള്ള എളുപ്പവഴിയാണ് കുട്ടിമാക്കൂലിൽ നിന്നും കണ്ടിക്കൽ വഴിയുള്ള റോഡ്.

## Article Content

***പാനൂർ : *** പാനൂരിൽ നിന്നും തലശേരിയിലേക്കും,എരഞ്ഞോളി പാലത്തേക്കു മുള്ള എളുപ്പവഴിയാണ് കുട്ടിമാക്കൂലിൽ നിന്നും കണ്ടിക്കൽ വഴിയുള്ള റോഡ്.

നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഈ റോഡിൽ കൂടി കടന്നു പോകുന്നത്. മഞ്ഞോടി ജംഗ്ഷൻ ബ്ലോക്കായാൽ പാനൂരിലേക്കുള്ള ബസുകളും, കോപ്പാലത്തേക്ക് ഇന്ധനം നിറക്കാനുള്ള ബസുകളും ആശ്രയിക്കുന്ന റോഡാണിത്.

രണ്ട് കിലോമീറ്ററോളം ഉള്ള റോഡിൽ പക്ഷെ ഇപ്പോൾ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദു:സ്സഹമായിട്ടുണ്ട്.

കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. ഒരു മാസത്തിനിടെ 18 ഓളം ഇരുചക്രവാഹന യാത്രികർക്കാണ് പരിക്കേറ്റതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു. അപകടത്തിൽപെടുന്ന യാത്രക്കാർ രക്ഷപ്പെടുന്നത് പിന്നാലെ വരുന്ന വാഹന യാത്രികൻ്റെ കാരുണ്യം കൊണ്ടും കൂടിയാണ്. മഴവെള്ളം നിറഞ്ഞ് കുഴികളൊ, കുഴികളുടെ ആഴമൊ കാണാതെ ഇരുചക്രവാഹനങ്ങൾ ഇറങ്ങുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസവും കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

ചുരുങ്ങിയ ദിവസങ്ങൾക്കിടെ 18 ഓളം ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റതായി സമീപത്തെ വ്യാപാരി പറഞ്ഞു. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് കുഴികളിലിറങ്ങുന്നത്. കണ്ടിക്കൽ ജംഗ്ഷനിലും വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്.

വളവിൽ തന്നെയായതിനാൽ വാഹനങ്ങൾ കുഴികാണാതെ വാഹനങ്ങൾ അപകടത്തിൽ പെടുകയാണ്. ഇവിടെ കുഴിയിൽ വെള്ളവും കെട്ടിക്കിടക്കുന്നുണ്ട്.

ദിവസവും മൂന്നും നാലും തവണ ഈ റോഡിലൂടെ ട്രിപ്പടിച്ചാൽ തൊട്ടടുത്ത ദിവസം വർക് ഷോപ്പിൽ വാഹനം കയറ്റേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ഓട്ടോ ഡ്രൈവർമാരും പറയുന്നു.

നവകേരളയാത്രയോടനുബന്ധിച്ച് തലശേരി - പാനൂർ റോഡ് ടാർ ചെയ്തിരുന്നപ്പോൾ ഈ റോഡിൽ പേരിന് അറ്റകുറ്റപണി നടത്തിയിരുന്നു. റോഡ് പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് ദിനം പ്രതി ഇതുവഴി കടന്നു പോകുന്ന വാഹനയാത്രികരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/223137/kollakola-yatra-by-pwd-on-kutimakul-eranjoli-palam-road-in-thalasseryabout-18-two-wheeler-riders-were-injured-in-a-month-after-falling-into-huge-potholes)