ചമ്പാട് : തെരുവുനായയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റഫാൻ റഹീസിനെ രക്ഷിച്ചത് ചമ്പാട്ടെ സഹോദരിമാരുടെ ധീരത. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊയക്കാൻ പറമ്പത്ത് സഫീറ, സഹോദരി നജ്മ എന്നിവരുടെ ഇടപെടലാണ് തെരുവുനായയുടെ അക്രമത്തിൽ നിന്നും മുഹമ്മദ് റഫാനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

ഇവരുടെ ബന്ധു കൂടിയാണ് കുട്ടി. വൈകീട്ട് നാലരയോടെയാണ് കുട്ടിയുടെ നിലവിളി ചമ്പാട്ടെ പൊയക്കാൻ പറമ്പത്ത് സഫീറയുടെ കാതിൽ മുഴങ്ങുന്നത്. ഉടൻ വീട്ടിൽ നിന്നും റോഡിലേക്കോടി. പിന്നാലെ സഹോദരി നജ്മയും. തെരുവുനായ കടിച്ചു നിൽക്കുന്ന കുട്ടിയെയാണ് സഫീറ കണ്ടത്.
നായയുടെ കടിയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ സഫീറ കുട്ടിയെ നജ്മക്ക് കൈമാറി. ഇതിനിടെ ബന്ധുവായ സഫീനയും എത്തി. മൂവരും ചേർന്ന് കുട്ടിയെ വീട്ടിലേക്കെടുത്തോടി. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ഏർപ്പാടുകളും ചെയ്തു. വല്ലാതെ മനസിനെ വേദനിപ്പിച്ച സംഭവമായിരുന്നെന്നും, കുട്ടിയുടെ കരച്ചിൽ മനസിൽ നിന്ന് മായുന്നില്ലെന്നും മൂവരും പറഞ്ഞു.
The bravery of the Champate sisters saved Muhammad Rafan Raheez, a fifth grader who was seriously injured by a stray dog.