മയ്യഴി: ഒളവിലം പാത്തിക്കലിലാണ് സംഭവം. കനത്ത ചൂടിൽ തീ പടർന്നതോടെ പ്രദേശമാകെ പുകയിൽ മുങ്ങി. വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് കണ്ടൽകാടുകൾ വെട്ടിയിട്ട് തീവച്ചത്. ഈ ഭാഗത്ത് പുഴ കൈയ്യേറ്റം വ്യാപകമായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. ഇത്തരത്തിൽ പുഴ കൈയ്യേറ്റം വ്യാപകമായതോടെ മയ്യഴിപ്പുഴ സംരക്ഷണ സമിതി പരാതിയുമായി രംഗത്തെത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്താനിരിക്കെയാണ് വെള്ളിയാഴ്ച ഈ ഭാഗത്ത് കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിച്ച് തീയിട്ടത്. കനത്ത ചൂടിൽ കണ്ടൽക്കാടുകൾ പുകഞ്ഞു കത്താൻ തുടങ്ങിയതോടെ ഒളവിലം, പാത്തിക്കൽ പ്രദേശം കനത്ത പുകയിൽ മുങ്ങി.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചൊക്ലി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് തീയണച്ചു. പുഴയോരങ്ങൾ മണ്ണിട്ട് നശിപ്പിക്കുന്നത് തടയാൻ കർശന നടപടി വേണമെന്നും, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനാടത്ത് ആവശ്യപ്പെട്ടു.
The mangroves on the banks of Mayyazhipuzha were cut down and set on fire by social miscreants;Olavilam Pathikal area engulfed in smoke
