കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.


അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്.
കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത വേണം. മഴ തുടരുന്നതിനാല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
A man who was sleeping in Kannur died tragically after a tree fell on his house.
