---
title: "ബാലരാമപുരം കൊലപാതകത്തിൽ വഴിത്തിരിവ് ; കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നത് ശ്രീതു,  നുണപരിശോധനയ്ക്ക് പൊലീസ്"
english_title: "Turnaround in Balaramapuram murder case; Sreetu killed by throwing child into well, police to take lie detector test"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296885/turnaround-in-balaramapuram-murder-case-sreetu-killed-by-throwing-child-into-well-police-to-take-lie-detector-test"
published_at: "2025-06-18T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685253f1c5748_6852305fba96d_murdercase.jpg"
keywords: []
---

# ബാലരാമപുരം കൊലപാതകത്തിൽ വഴിത്തിരിവ് ; കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നത് ശ്രീതു,  നുണപരിശോധനയ്ക്ക് പൊലീസ്

> **Lead Summary:** ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.

## Article Content

ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.

റൂറൽ എസ്.പിക്കാണ് മൊഴി നൽകിയത്. ജയിൽ സന്ദർശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. ഹരികുമാർ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതിയാണ് ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. അ​ഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നതിൽ വ്യക്തതയില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296885/turnaround-in-balaramapuram-murder-case-sreetu-killed-by-throwing-child-into-well-police-to-take-lie-detector-test)