(www.panoornews.in)വണ്ടിപ്പെരിയാറിൽ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഡൈമുക്കിനടുത്ത് കന്നിമാര്‍ച്ചോല അഞ്ചുമുക്ക് ഭാഗത്ത് താമസിക്കുന്ന പുതുപറമ്പില്‍ വീട്ടില്‍ മോഹനനെ കൊലപ്പെടുത്തിയകേസിലാണ് മകന്‍ വിഷ്ണുകുമാര്‍(32)നെ അറസ്റ്റുചെയ്തത്.



വാക്കുതര്‍ക്കത്തിനിടെ മുറിയിലെ സ്ലാബില്‍ തലയിടിപ്പിച്ച് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മോഹനന്‍ കൊല്ലപ്പെട്ടത്. അച്ഛനും മകനും തമ്മില്‍ മദ്യപിച്ചശേഷം പലപ്പോഴും കലഹം പതിവായിരുന്നു.
സംഭവദിവസവും വഴക്കുണ്ടായി. ബൈക്കിന്റെ ഫിനാന്‍സ് അടയ്ക്കാന്‍ മോഹനന്‍ മുന്‍പ് 1500 രൂപ വിഷ്ണുകുമാറിന് നല്‍കിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോള്‍ വിഷ്ണുകുമാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. മോഹനന്റെ ഭാര്യ കുമാരി ഭര്‍ത്താവിനേയും മകനേയും പിടിച്ചുമാറ്റി.
കുമാരി കുളിക്കാനായി പോയ സമയം അച്ഛനും മകനും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുകുമാര്‍, മോഹനന്റെ തലപിടിച്ച് നാല് പ്രാവശ്യം സ്ലാബില്‍ ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പിനുശേഷം വിഷ്ണുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ഡി. സുവര്‍ണകുമാര്‍, എസ്‌ഐ ടി.എസ്. ജയകൃഷ്ണന്‍, എഎസ്‌ഐ എസ്. ബിമല്‍ദേവ്, സിപിഒമാരായ സതീഷ് ചന്ദ്രന്‍, രാഹുല്‍, സതീഷ്, ജിനുപോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
Argument over bike finance; Son arrested for killing father by hitting head on slab
