(www.panoornews.in)പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന് എതിരെ വിമർശനം ഉന്നയിച്ച അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, ബിജെപിയുടെ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.



രാജ്യത്തിൻ്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുക യെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽമാരാർ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാണ് എഫ്ഐആർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ 152 ആണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ പഹൽഗാം വിഷയം ഉയർത്തി ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങൾ നൽകി പാകിസ്‌താനിൽ സംഘർഷം സ്യഷ്ടിച്ചെന്നുമാണ് അഖിൽ മാരാരുടെ പ്രതികരണം. സാധാരണക്കാരായ പാകിസ്‌താനി കളെ കൊലചെയ്‌തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വിഡിയോയിൽ പറയുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡൻ്റ് അനീഷ് കിഴക്കേക്കരയാണ് പൊലീസിൽ പരാതി നൽകിയത്.
Complaint filed against Akhil Marar for making anti-national remarks under non-bailable section
