കണ്ണൂർ:(www.panoornews.in) റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം യുവാവിന് കുത്തേറ്റു. പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് മങ്കാറിനാണ് (40) വയറിന് ആഴത്തിൽ കുത്തേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെ രഞ്ജിത്തിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.



ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
പൊലീസ് വാഹനം കടന്നുപോകുന്നതിനിടെ കിഴക്കേ കവാടത്തിന് സമീപം ഒരാൾ വീണു കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് യുവാവിന് വയറിന് കുത്തേറ്റതായി കണ്ടത്. ഉടൻ കണ്ണൂർ ഫയർഫോഴ്സിന്റെ വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മദ്യപസംഘങ്ങൾ തമ്മിലുള്ള വാക്ക് തർക്കമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടൗൺ സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്നിടത്ത് നടന്ന കൊലപാതകശ്രമത്തിൽ പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ടൗൺ ഇൻസ്പെക്ടർ ശ്രിജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്
Youth stabbed near Kannur railway station
