(www.panoornews.iin)ഒരു പൊലീസ് സ്റ്റേഷനും,ആനയും വിവാദങ്ങളിൽ കൊട്ടിക്കയറുകയാണ്. പൊലീസ് സ്റ്റേഷനിൽ ആന കയറിയതാണ് വിവാദത്തിന് കാരണം. പരാതി പറയാനല്ല, മറിച്ച് ഉത്സവ എഴുന്നള്ളിപ്പിന് ഇടയിലാണ് ആനയും മേളക്കാരും പൊലീസ് സ്റ്റേഷനിൽ കയറിയത്. കയറുക മാത്രമല്ല സ്റ്റേഷൻ വളപ്പിൽ ആന നിർത്തി മേളം കൊട്ടുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വിവാദങ്ങളും കൊട്ടിക്കയറുന്നു.



കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രം ഉത്സവത്തിനോടനുബന്ധിച്ച് കുന്നംകുളം ഫ്രണ്ട്‌സ് കമ്മിറ്റിയുടെ പ്രാദേശിക പൂരം കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ കയറ്റിനിര്‍ത്തി കൊട്ടി ആഘോഷിച്ചത്. പൂരം കയറ്റിയതിന് പുറമേ പൊലീസ് സ്റ്റേഷനില്‍ എഴുന്നള്ളിച്ച് നിര്‍ത്തിയ ആനയുടെ കൊമ്പുകള്‍ സി.ഐ. ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പൂര കമ്മിറ്റിക്കാരുടെ യൂണിഫോമില്‍ പിടിച്ചു നിന്നത് കൂടുതല്‍ വിവാദമായി. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നതോടെയാണ് വിവാദം കൊട്ടിക്കയറിയത്.
കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളം പരിസരത്തുനിന്ന് വിവിധ പൂരാഘോഷ കമ്മിറ്റിക്കാര്‍ ആന എഴുന്നള്ളിപ്പോടെ പൂരം കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ കായ മാര്‍ക്കറ്റില്‍നിന്നുള്ള ഫ്രണ്ട്‌സ് പൂരാഘോഷ കമ്മിറ്റിയാണ് ഇത്തവണ പൊലീസ് സ്റ്റേഷനില്‍ പൂരം കയറ്റിയത്.
പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ. ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പൂരാഘോഷത്തില്‍ അണിനിരന്നത്. ഇതിനു പുറമേയാണ് സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ എഴുന്നുള്ളിച്ച് നിര്‍ത്തിയ ആനയുടെ കൊമ്പ് പിടിച്ച് വീഡിയോയ്ക്ക് പോസ് ചെയ്ത് നിന്നത്. എഴുന്നള്ളിച്ചു നില്‍ക്കുന്ന ആനയുടെ കൊമ്പ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറല്‍ ആയി. സംഭവം വിവാദമായതോടെ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ആനപ്രേമി സംഘങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
ഗള്‍ഫ് പ്രവാസിയായ ഒരു വ്യവസായിയുടെ പിന്‍ബലത്തിലാണ് പ്രാദേശിക പൂരാഘോഷ കമ്മിറ്റി പൊലീസ് സ്റ്റേഷനില്‍ പൂരം കയറ്റിയത്. തുടര്‍ന്നാണ് പഞ്ചവാദ്യം കൊട്ടിക്കയറിയതിനു പിന്നാലെ വിവാദവും തുടങ്ങിയത്. എഴുന്നുള്ളിപ്പ് ചട്ടപ്രകാരം ആനയുടെ കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിക്കാതെയാണ് പൊലീസ് സ്റ്റേഷനില്‍ കയറ്റി നിര്‍ത്തിയിരുന്നത്.
പൂരങ്ങളില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ആനയുടെ കൊമ്പ് പിടിച്ചവര്‍ക്കെതിരെ പൊലീസും വനംവകുപ്പും കേസെടുക്കാറുണ്ട്. അങ്ങനെ കേസെടുക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ആനയുടെ കൊമ്പ് പിടിച്ചു നില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നാണ് ആനപ്രേമികള്‍ ചോദിക്കുന്നത്. അതെ സമയം കഴിഞ്ഞ വര്‍ഷവും ഇവിടെ പൂരം കയറ്റിയിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ കക്കാട് ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പൂരം കയറ്റിയ സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
'Police on Air': Seeing an elephant, they changed their uniforms and became Puram committee members, and took a picture holding it by the tusks! Controversial pictures
