(www.panoornews.in)ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്.



ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അധ്യാപകനിൽനിന്ന് 44.97 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പുകാർ ഏഴര ലക്ഷം രൂപയാണ് ഫെമിനയുടെ കോഴിക്കോട് ബേപ്പൂരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത്.
ഈ തുക ഫെമീന ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിറിന് നൽകി. 5000 രൂപയാണ് ഇതിന് ഫെമീനക്ക് പ്രതിഫലം നൽകിയത്. ഫെമീന കേരള ഹൈകോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു.
മാർച്ച് മൂന്നു മുതൽ രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട്ടുനിന്ന് കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫെമീനയെ റിമാൻഡ് ചെയ്തു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദേശനാനുസരണം കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോർജ്, എ.എസ്.ഐ മിനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ധനേഷ്, കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kozhikode native remanded for renting out bank account for online fraud; arrested in case of cheating retired teacher of Rs. 45 lakhs
