(www.panoornews.in)സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിന് ശേഷം പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു.
വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ കുമാർ (39) ആണ് ആത്മഹത്യ ചെയ്തത്. വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ സാരമായ പരിക്കേറ്റത്.
പ്രവീണിൻ്റെ അയൽവാസിയും ബന്ധുവും കൂടിയായ അനിൽ കുമാർ ആണ് പ്രവീണിനെ അക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 8.45-ഓടുകൂടി വീട്ടിൽ അതിക്രമിച്ചു കയറിയ അനിൽ കുമാർ ഹാളിൽ സോഫസെറ്റിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റിക കൊണ്ട് പത്തിലേറെ തവണ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്ക് ഏൽപ്പിക്കുകയും ചെയ്തു.
തുടർന്ന് പരിക്ക് പറ്റിയ പ്രവീൺ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവർ എത്തിയാണ് പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പ്രവീണിന് തലയിൽ 48 തുന്നലും വലതു കയ്യിൽ 8 തുന്നലും ഉണ്ട്. സംഭവ സമയം പ്രവീണിൻ്റെ ഭാര്യയും മക്കളും ക്രിസ്മസ് പ്രമാണിച്ച് പള്ളിയിൽ പോയിരുന്നു.
വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷംമാണ് പ്രതി ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടുമെന്ന ഭയത്തിലാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. ഇരുസംഭവങ്ങളിലും കാട്ടാക്കട പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
A young man hit his friend on the head with a hammer, then hanged himself out of fear of the police.