പാനൂർ :(www.panoornews.in)വൃക്കരോഗബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരണം. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉൾപ്പടെ നിരവധി പ്രമുഖർ താഴെ ചമ്പാട്ടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. പരേതനോടുള്ള ആദരസൂചകമായി പന്ന്യന്നൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി.
സികെ അശോകൻ്റെ മരണത്തിലൂടെ പന്ന്യന്നൂരിന് നഷ്ടമായത് സുസ്മേര വദനനായ ജനകീയ നേതാവിനെയാണ്. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തിൻ്റെ പ്രസിഡൻ്റായിട്ടു കൂടി എതിരാളികളോട് സൗമ്യതയോടെ മാത്രം പെരുമാറിയ നേതാവ്. വലിപ്പച്ചെറുപ്പമില്ലാതെ ആർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം.
2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് സി.കെ അശോകൻ പന്ന്യന്നൂർ പഞ്ചായത്തിൻ്റെ ഭരണസാരഥിയാവുന്നത്. താഴെ ചമ്പാട് മൂന്നാം വാർഡിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് ഭരണസമിതിയിലെത്തിയ സികെ പ്രസിഡൻ്റാവുകയായിരുന്നു. കാൽ നൂറ്റാണ്ട് കാലം സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറിയായിരുന്നു. ഇതിനിടയിൽ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രീയക്ക് വിധേയനായി. ഭാര്യ ബേബി ഗിരിജയാണ് വൃക്ക നൽകിയത്. ഓപ്പറേഷന് ശേഷം വിശ്രമത്തിലായ സി.കെ പാർട്ടിയുടെയും, സുഹൃത്തുക്കളുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന് വാർഡംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് കോവിഡ് ബാധിച്ചവരെ നേരിൽ കണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറിയ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് ക്യാൻസർ രോഗികളെ കണ്ടെത്തി അവരെ തുടർ ചികിത്സക്ക് വിധേയരാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. ഇതിനായി മലബാർ ക്യാൻസർ സെൻ്റർ പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുക്കുകയും ചെയ്തിരുന്നു.
മാലിന്യ മുക്തനവകേരളം പദ്ധതി ചിട്ടയായി നടത്തിയ പഞ്ചായത്തായിരുന്നു പന്ന്യന്നൂർ. ഇതിന് മുന്നിൽ നിന്ന് നയിച്ചതും സി.കെയായിരുന്നു. പന്ന്യന്നൂർ പഞ്ചായത്തിൻ്റെ തനതു പദ്ധതിയായി നടപ്പാക്കിയ ഒരു വെളിച്ചം നാടാകെ വെളിച്ചവും മാതൃകാപരമായിരുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്.
സർക്കാർ പഞ്ചായത്തിനനുവദിച്ച സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ - ഫിറ്റ്നസ് സെൻ്റർ സ്ഥലമെടുപ്പിനായി കമ്മിറ്റി രൂപീകരിച്ച് ഓടി നടക്കുകയായിരുന്ന സി.കെയെ പെട്ടന്നാണ് രോഗം കീഴ്പ്പെടുത്തിയത്. ചമ്പാട് നവകേരള വായനശാല & ഗ്ര ന്ഥശാല നിർവാഹക സമിതി അംഗം, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച സി.കെ മികച്ച കലാകാരനും, തെരുവുനാടകങ്ങളിലെ അഭിനേതാവുമായിരുന്നു.
മാഹി ജെ.എൻ.ജി.എച്ച്.എസ് അധ്യാപിക ബേബി ഗിരിജയാണ് ഭാര്യ. കിഷൻ (ഐ.ടി.ഐ), കിരൺ (വിദ്യാർത്ഥി) എന്നിവർ മക്കളാണ്. രാഘവൻ, ദാസൻ, കൃഷ്ണൻ, ശശി, പ്രസന്ന, പരേതനായ രവീന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.
സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.പുരുഷോത്തമൻ, പി.ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ പവിത്രൻ, എം സി പവിത്രൻ, സിപിഐ ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ, അഡ്വ.നിഷാദ്,ഡിസിസി ജന.സെക്രട്ടറി വി.രാധാകൃഷ്ണൻ, വി.സുരേന്ദ്രൻ, ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ. സന്തോഷ്, ജില്ലാ പഞ്ചായത്ത് പ്രസി.അഡ്വ. രത്നകുമാരി, വൈസ് പ്രസി.ബിനോയ് കുര്യൻ, തഹസിൽദാർ മാരായ വി.പ്രശാന്ത് കുമാർ, എം.വിജേഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസി.പി.പി ദിവ്യ, കെ ഇ കുഞ്ഞബ്ദുള്ള, പൊന്ന്യം കൃഷ്ണൻ, സി.കെ രമേശൻ, തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി, പാനൂർ നഗരസഭാ പ്രസി.വി നാസർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, കുന്നോത്ത്പറമ്പ് ,ന്യൂ മാഹി, ചൊക്ലി ,മൊകേരി, കതിരൂർ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ ലത, എം.കെ സൈത്തു, സികെ രമ്യ, പി വൽസൻ, സനിൽ എന്നിവരടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പരേതനോടുള്ള ആദരസൂചകമായി പന്ന്യന്നൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി.
'CK' now in people's minds; leaders and activists flock to pay tribute