(www.panoornews.in)ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് കാർ നൽകിയത് വാടകയ്ക്കല്ലെന്ന് വാഹനത്തിന്റെ ഉടമ ഷാമിൽ ഖാൻ.
വിദ്യാർത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമയ്ക്ക് പോകാനായി കാർ നൽകിയത്.
മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് കഴിഞ്ഞ രണ്ടുമാസമായുള്ള പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും ഉടമ വ്യക്തമാക്കി.
ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. മഴയായതുകൊണ്ട് വാഹനം നൽകണമെന്ന് മുഹമ്മദ് ജബ്ബാർ തന്നോട് ആവശ്യപ്പെടുകയായിരുന്നു.
അതുകൊണ്ട് തന്നെ വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടവേര കാറാണ് നൽകിയിരുന്നത്.
വണ്ടിയിൽ ആവശ്യത്തിനുള്ള ഡീസൽ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കൾക്കും സിനിമയ്ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമിൽ ഖാൻ പ്രതികരിച്ചു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് വാഹന ഉടമ ഷാമിൽ ഖാന്റെ മൊഴിയെടുത്തിട്ടുണ്ട്.
2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്‍റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്‍റ് എ കാര്‍ അല്ലെങ്കില്‍ റെന്‍റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മാത്രമല്ല 14 വർഷത്തെ പഴക്കമാണ് വാഹനത്തിനുള്ളത് എയർ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്.
അതേസമയം, അപകടത്തിൽ പരുക്കേറ്റ ആറ് വിദ്യാർത്ഥികളിൽ എടത്വ സ്വദേശി ആൽവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. കാറിൽ സഞ്ചരിച്ചത് 11 വിദ്യാർത്ഥികളായിരുന്നു. ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ.കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു.
വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു വസ്തുമുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്.
Vehicle owner Shamil Khan says he gave the car to the students not for rent but out of friendship