വടകര:(www.panoornews.in) ട്രെയിൻ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു.
വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്.
ഏഴുമണിയോടെയാണ് നാട്ടുകാർ വിവരമറിയുന്നതും ഷർമിളയെ കണ്ടെത്തുന്നതും. ഈ സമയത്ത് ഇവിടെയെത്തിയ കറുകയിൽ കുറ്റിയിൽ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്.
ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷർമ്യയെന്നാണ്. മകളാണോ അപകടത്തിൽപ്പെട്ടതെന്ന ആധിയോടെയാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളയെ ട്രെയിൻതട്ടിയത്. എന്നാൽ, സമീപവാസികൾ ആരും ഇത് കണ്ടില്ല.
സംഭവത്തിന് സാക്ഷിയായ ലോക്കോ പൈലറ്റ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയശേഷമാണ് ശർമിളയെ ട്രെയിൻതട്ടിയനിലയിൽ കണ്ടത്. ഈ വിവരമറിഞ്ഞാണ് സമീപത്തുള്ള രാജൻ സ്ഥലത്തെത്തിയത്.
അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്. മക്കൾ: കാവ്യ, കൃഷ്ണ. ഇരിങ്ങൽ സ്കൂൾ റിട്ട. അധ്യാപകനാണ് രാജൻ. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. മരുമക്കൾ: സോനു (ചോയ്‌സ് ഓട്ടോ പാർട്സ്), രാജേഷ് (യു.എൽ.സി.സി.എസ്.).
Woman dies after being hit by train in Vadakara; Retired teacher who arrived at the scene claiming to be her daughter due to similarity in names collapses and dies