(www.panoornews.in)കാവുന്തറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങൾക്ക് ശേഷം പേരാമ്പ്ര പൊലീസിൻ്റെ പിടിയിൽ.
കൂരാച്ചുണ്ട് കാളങ്ങാലിയിൽ മുസ്‌തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തിൽ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം രാത്രി വീടിൻ്റെ മുൻഭാഗം ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 പവൻ സ്വർണവും 25,000 രൂപയും മോഷ്‌ടിക്കുകയായിരുന്നു.
ഈ കേസിൽ പൊലീസ് നേരത്തെ മുസ്‌തഫയെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തെളിവുകളില്ലാത്തതിൻ്റെ പേരിൽ വിട്ടയക്കുകയായിരുന്നു. പിന്നീട് കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതിയിലേക്ക് എത്തിയതോടെ മുസ്‌തഫ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി കോഴിക്കോട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. സ്ക്വാഡും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ മുസ്‌തഫയുടെ കൂട്ടാളിയായ ഒരു പ്രതി കൂടി പിടിയിലാവാനുണ്ട്. ഇയാൾ കേരളത്തിന് പുറത്തേക്ക് കടന്നതായി സംശയമുണ്ട്.
അഞ്ച് മാസമായിട്ടും പ്രതിയെ കിട്ടാതിരുന്ന ഈ കേസിൽ കോഴിക്കോട് റൂറൽ എസ്.പി നിധിൻ രാജ് ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ മേൽനോട്ടത്തിൽ കേസന്വേഷണം ഊർജിതമാക്കുകയും ഡി.വൈ.എസ്.പി സ്ക്വാഡ് ഈ കേസിന്റെ അന്വേഷണത്തിലേക്ക് തെളിവുകൾ ശേഖരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
A case of breaking into a house and stealing gold and money in Perampra; Five months later, the accused was arrested