(www.panoornews.in)തേങ്കുറിശി ദുരഭിമാനക്കൊല പ്രതികൾക്ക് ജീവപര്യന്തം, അരലക്ഷം പിഴയും തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ.
ഇതരജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88–ാം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്.
അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാർ. കെ.സുരേഷ്കുമാർ അമ്മാവനും. 2020 ഡിസംബർ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്.
പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു.
2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വലിയ വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്.
അനീഷിന്റേതു ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ 2024 മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരൻ അരുൺ എന്നിവർ ഉൾപ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു.
കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പി.അനിൽ പറഞ്ഞു.
Thankurishi honor killing; The accused will be sentenced to life imprisonment and a fine of half a lakh