ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്
Oct 18, 2024 11:01 AM | By Rajina Sandeep

(www.panoornews.in)കോണ്‍ഗ്രസ് വിട്ട ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ.


ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു.


പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ കുറിച്ചു.


ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി, സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയാണ് സരിൻ എന്നാണ് പരാതി നൽകിയതെന്ന് വീണ വിശദീകരിച്ചു.


കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോർന്നു. മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ടാർഗറ്റ് ചെയ്തു സൈബർ ആക്രമണം നടത്തി എന്നാണ് വീണ പറയുന്നത്.


2024 ജനുവരി മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെടുകയായിരുന്നു. ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും കഴിഞ്ഞ 10 മാസമായി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ലെന്നും വീണ പറഞ്ഞു.


25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതപിക്കുന്നുവെന്ന് വീണ പറഞ്ഞു.


"മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ! കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ"- എന്ന് പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിന് എഴുതിയ തുറന്ന കത്ത് അവസാനിപ്പിച്ചത്.


കുറിപ്പിന്‍റെ പൂർണരൂപം


സരിൻ എന്ന അവസരവാദിയെ ചുമക്കാൻ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത്


നിങ്ങളുടെ ഗതികേടിനെ ഓർത്ത് സഹതാപമുണ്ട് എന്ന് പറഞ്ഞു തുടങ്ങട്ടെ.സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറി, ഷാഫി പറമ്പിൽ പ്രസിഡണ്ട് ആയ യൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, രാഹുൽ മാങ്കൂട്ടം അധ്യക്ഷനായ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി, ഐക്യ ജനാധിപത്യ മുന്നണി നിയമസഭാ സ്ഥാനാർത്ഥി തുടങ്ങിയ നിലകളിൽ ഒക്കെ പ്രവർത്തിക്കാൻ എന്റെ പാർട്ടി നൽകിയ അവസരങ്ങളെ ഞാൻ നന്ദിയോടെ ഓർക്കുകയാണ് ഇവിടെ.


പക്ഷേ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ അവസരം കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കമ്മിറ്റി അംഗം എന്ന നിലയിൽ ലഭിച്ച അവസരമാണ്. 25 പേർ മാത്രമടങ്ങുന്ന കെ.പി.സി.സി ഡി.എം.സി യുടെ ഭാഗമായി എന്നതിലുള്ള അഭിമാനം, അപമാനവും സ്വസ്ഥത ഇല്ലാത്ത അവസ്ഥയിലേക്ക് ഉറക്കം നഷ്ടപ്പെടുന്ന ദുരവസ്ഥയിലേക്ക് എത്തിയത് വളരെ വേഗമാണ്.


ജനുവരി 1, 2024 മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷംവരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെട്ടാൽ സാമാന്യ മനുഷ്യരായ ആർക്കും അങ്ങനെതന്നെ ആകുമല്ലോ? നവീൻ ബാബുമാർ ജീവനൊടുക്കുകയും, പി പി. ദിവ്യമാർ വാഴുകയും ചെയ്യുന്ന കലികാലമാണല്ലോ ഇത്.


കഴിഞ്ഞ 10 മാസം മുമ്പ് ജനുവരി മാസം ഞാനും എന്റെ സഹപ്രവർത്തകരും കെപിസിസി ഡിഎംസി കൺവീനർ എന്ന നിലയിലുള്ള ഡോക്ടർ സരിന്റെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം തമ്മിൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്ട്ടിച്ചു സിസ്റ്റം മാനിപുലേഷൻ നടത്തുന്നു എന്നും, ഭാവിയിൽ ഇത് പാർട്ടിക്കു തന്നെ ദോഷം ചെയ്യുമെന്നുമാണ് ആ പരാതിയിലെ ചുരുക്കം.


ഡി എം സി കൺവീനർ ആയ ശേഷം സരിൻ ആദ്യം സ്വീകരിച്ചത് മറ്റ് 25 അംഗങ്ങളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല എന്ന നിലപാടായിരുന്നു. കാരണം ഡി എം സി എന്നാൽ സരിൻ ആണ് എന്ന് വരുത്തി തീർക്കണം. ("ഞാൻ" കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഉണ്ടാക്കി എന്ന് ചാനലിൽ നിരവധി തവണ സരിൻ പറയുന്നത് നിങ്ങളും കേട്ടു കാണും)


തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കുക എന്നതായിരുന്നു അടുത്ത നടപടി. ആഴ്ചയിൽ നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ ടാർഗറ്റ് ചെയ്തു അധിക്ഷേപിക്കുക എന്ന അജണ്ടയായിരുന്നു നടപ്പിലാക്കിയത് . ഞാനും താരയും ആയിരുന്നു ആദ്യ ടാർഗറ്റ്. ഇതിനെതിരെ ഞങ്ങൾ ശബ്ദം ഉയർത്തിയതോടെ ആക്രമണം രൂക്ഷമായി.


ഡി എം സി യിൽ 25 അംഗങ്ങൾ ഉണ്ടായിട്ടും കോൺട്രാക്ട് അടക്കമുള്ള എല്ലാ കാര്യങ്ങളും സ്വന്തമായി തീരുമാനിച്ചു നടത്തി. ഇതിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിലും ഞങ്ങൾ കൂടി ഭാഗം ആകും എന്ന് ബോധ്യപെട്ടത്തോടെയാണ് രേഖമൂലം പരാതി നൽകാൻ തീരുമാനിച്ചത്. പുതുപ്പള്ളി ഇലക്ഷനിൽ ഞാൻ അടക്കം ചെയ്ത വീഡിയോകൾ ഉപയോഗിക്കാതെ പുറത്തു നിന്നുള്ള ആർക്കോ കരാർ നൽകി. കരാർ നേടിയവർ വീഡിയോ ചെയ്യാൻ എന്നെ സമീപിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.


ഇന്നുവരെ ഡി എം സി യുടെ പേരിൽ ഒരു നയാ പൈസ കൈപ്പറ്റിയിട്ടില്ലാത്ത ഞങ്ങൾ സാമ്പത്തിക വിഷയങ്ങളിൽ ട്രാൻസ്പരൻസി വേണം എന്നാണ് ആവശ്യപ്പെട്ടത് . പാർട്ടിയുടെ ഡിജിറ്റൽ മീഡിയ വിസിബിലിറ്റി വർദ്ധിപ്പിക്കുക എന്നതിന് പകരം സ്വന്തം പി ആർ ടൂൾ ആയി ഈ കെപിസിസി ഡി എം സി സംവിധാനത്തെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് സരിൻ ചെയ്യുന്നത് എന്ന് ഞങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.


എന്നാൽ കെപിസിസിക്കു കൊടുത്ത പരാതി ഒരു സ്വകാര്യ ചാനലിന് ചോർന്നു. മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ഞങ്ങളെ ടാർജറ്റ് ചെയ്തു സൈബർ അറ്റാക്ക് തുടങ്ങി. ഇത് പ്ലാൻഡ് ആയിരുന്നു എന്ന് ഞങ്ങൾക്ക് പിന്നീട് മനസിലായി (സരിന്റെ സുഹൃത്തുക്കൾ അവശ്യപ്പെട്ടതിന്റെ പേരിലാണ് നിങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടത് എന്ന് നിരവധി പേര് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്)


നിഷ്കളങ്കരായ പാർട്ടിക്കാരുടെ മുൻപിൽ കുറ്റവാളിയായി ചിത്രീകരിക്കുന്ന സാഹചര്യവും സൈബർ വിചാരണയിലേക്ക് വരെ കാര്യങ്ങളെത്തി. പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ ഞങ്ങൾ പ്രവർത്തിച്ചു എന്ന നറേറ്റീവ് ഉണ്ടാക്കി. ഞങ്ങളെ മിണ്ടാതെയാക്കി. ഭർത്താവിലേക്കും ഭർത്തൃ പിതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയും ആയിരുന്ന കെ പി കുഞ്ഞിക്കണ്ണനിലേക്ക് വരെ എത്തി ആ ആക്രമണം എന്നതാണ് വിരോധാഭാസം.


ഈ കഴിഞ്ഞ 10 മാസം ദൈവത്തോട് ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നമ്മുടെ നിരപരാധിത്തം തെളിയിക്കണമെന്നും പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അപമാനിതയായ ഒരു ഓൺലൈൻ മീറ്റിംഗ് അനുഭവമുണ്ട്. സ്ത്രീയെന്ന നിലയിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയ നിമിഷം.


എന്ത് അർത്ഥമാണ് സത്യസന്ധതക്കും നൈതികതക്കും എന്ന് നൊമ്പരപ്പെട്ടു ഉറങ്ങാതിരുന്ന 10 മാസങ്ങൾ. നീണ്ട പതിനൊന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞ് വീട്ടിൽ പിച്ചവച്ച് ഓടി കളിക്കാൻ വരാൻ പോകുന്നു എന്ന സന്തോഷം മനസ്സിൽ നിറയേണ്ടുന്ന നേരത്തും കുറ്റം ചെയ്യാതെ കുറ്റവാളിയെപ്പോലെ ഇരുട്ടത്ത് നിൽക്കേണ്ടി വരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ വേദന... കടന്നുപോയ 10 മാസങ്ങളുടെ സമ്മർദ്ദങ്ങൾ വർണ്ണനാതീതം. പത്തു മാസങ്ങൾക്കിപ്പുറം ഇടതു കാൻഡിഡേറ്റോ ഇടതു സ്വാതന്ത്രനോ ഒക്കെയായി ആ അധികാരവെറിയൻ മാടമ്പി വരാൻ പോകുന്നു എന്ന വാർത്ത കണ്ടപ്പോൾ അറിയാതെ എഴുതിപ്പോയതാണ്.


പറയാനുള്ളത് എം. വി.ഗോവിന്ദൻ മാഷിനോടാണ് ആണ്. ഒന്നര ആഴ്ച മുമ്പ് മാഷ് ഞങ്ങളുടെ പയ്യന്നൂര് വീട്ടിൽ വന്നിരുന്നു എന്ന് അറിഞ്ഞു. കെ പി കുഞ്ഞിക്കണ്ണൻ എന്ന ഞങ്ങളുടെ അച്ഛൻറെ വേർപാട് സൃഷ്ടിച്ച അനാഥത്വത്തിന്റെ നടുക്കത്തിലും വേദനയിലും ഉരുകിപ്പൊട്ടുകയായിരുന്ന എൻറെ ഭർത്താവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചതും അറിഞ്ഞു. 1985 മുതലുള്ള അച്ഛനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒക്കെ മാഷ് അന്ന് പറഞ്ഞത് എന്നോട് തിലകൻ പറഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സ്നേഹ സമ്മതനായിരുന്നു ഞങ്ങളുടെ അച്ഛൻ എന്ന് കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു നാടൊന്നാകെ പൊതുദർശന വേദികളിൽ തടിച്ചുകൂടി ഞങ്ങളുടെ അച്ഛന് നൽകിയ യാത്രയയയപ്പ്. അച്ഛൻറെ അവസാനനാളുകളിൽ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാൽ സൈബർ ഇടങ്ങളിൽ അദ്ദേഹം ആക്രമിക്കപ്പെടുകയുണ്ടായി.


ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് സ്ഥാനാർത്ഥിയായി എത്തിയപ്പോൾ അദ്ദേഹത്തെ പരാജയപ്പെടുത്താൻ അച്ഛൻ നിന്നുവെന്നും (അദ്ദേഹത്തിൻറെ കൈ ആദ്യം ചേർത്തുപിടിച്ച ആളായിരുന്നു അന്ന് അച്ഛൻ എന്ന് എടുത്തു പറയട്ടെ ) മറ്റു കള്ളക്കഥകളിറക്കി ആക്രമിച്ചു. അച്ഛൻറെ വിയോഗാനന്തരം കഴിഞ്ഞ ആഴ്ച നടന്ന 13 ചടങ്ങിന് തൃക്കണ്ണാട് ക്ഷേത്രത്തിൽ പുലർച്ചെ തുടക്കം മുതൽ ഉച്ചയ്ക്ക് 2 മണി വരെ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ സാറാണ് ആണ് നേതൃത്വം നൽകിയത് എന്നത് കൂടി പറഞ്ഞുകൊള്ളട്ടെ. അല്ലെങ്കിലും മാഷ് അറിയുന്ന കുഞ്ഞിക്കണ്ണന് എന്ന രാഷ്ട്രീയപ്രവർത്തകൻ എതിർ പാർട്ടിയിൽ ആണെങ്കിൽ പോലും ഉയർത്തിപിടിച്ചിരുന്ന രാഷ്ട്രീയ മൂല്യങ്ങൾ എന്തായിരുന്നുവെന്ന് മാഷിന് പൂർണബോധ്യം ഉണ്ടാകുമല്ലോ.


അഭിനവ സൈബർ ഗുണ്ടകൾ കണ്ട രാഷ്ട്രീയമല്ല ലീഡറുടെ മനസ്സാക്ഷി എന്നോളം വിശേഷിപ്പിക്കപ്പെടുന്ന കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയ ഫിലോസഫി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഒരു തെറ്റും ചെയ്യാതെ ദുരാരോപണം ഉന്നയിക്കുകയും സൈബറിടത്തിൽ വേട്ടയാടാൻ ശ്രമിക്കുകയും ചെയ്ത സരിനോടും ന്യൂനപക്ഷം വരുന്ന സൈബർ തെമ്മാടിക്കൂട്ടത്തോടും മാഷിൻറെ ആഴ്ചകൾക്ക് മുൻപ് മാത്രം വേർപിരിഞ്ഞുപോയ ആ പഴയ സുഹൃത്തിൻറെ ആത്മാവ് പൊറുക്കട്ടെ.


മനുഷ്യരോട് മാന്യമായി എങ്ങനെ പെരുമാറണം എന്ന് പോലും ബോധം ഇല്ലാത്ത 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്തു രാഷ്ട്രീയപാപ്പരത്തമോർത്തു സഹതപിക്കാതെ മറ്റെന്തു ചെയ്യാൻ. മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ! കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ.


വിനയപൂർവം, അഡ്വ. വീണ എസ് നായർ.

A wolf in sheep's clothing', there are no truths that time has not proved, sir, we can make manure from garbage, but...; Open letter to CPM against Sarin

Next TV

Related Stories
കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Nov 26, 2024 08:03 AM

കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂരിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ്...

Read More >>
കടവത്തൂർ  സ്വദേശികൾ സഞ്ചരിച്ച  കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു  വീണു ; വൻ അപകടം ഒഴിവായി

Nov 25, 2024 08:29 PM

കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു ; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു ...

Read More >>
പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

Nov 25, 2024 03:34 PM

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ് കണ്ടക്ടർ

പാനൂരിൽ ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നത് വാസ്തവ വിരുദ്ധമെന്ന് അക്ഷയ് ബസ്...

Read More >>
ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 25, 2024 03:00 PM

ന്യൂനമര്‍ദം;നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ കേരളത്തിൽ വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

Read More >>
ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

Nov 25, 2024 01:57 PM

ആശ്വാസമേകാൻ പാർക്കോ ; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവ്

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories










News Roundup