കതിരൂർ:(www.panoornews.in) കതിരൂർ ആറാംമൈലിലെ ലോട്ടറി കടയിൽ നിന്നും കള്ളനോട്ടുകൾ നൽകി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങിച്ചതായി പരാതി. ആറാം മൈൽ എരുവട്ടി റോഡിലെ ത്രീസ്റ്റാർ ലോട്ടറി ഏജൻസിയിലാണ് തട്ടിപ്പ് നടന്നത്. കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.
ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിൻ്റെ ഉടമസ്തതയിലുള്ള ത്രീസ്റ്റാർ ലോട്ടറി സ്റ്റാളിലാണ് സംഭവം. കഴിഞ്ഞ ദിവസം 3 മണിയോടെ 2 യുവാക്കളെത്തി 500 രൂപയുടെ നോട്ടുകൾ നൽകി 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പർ ടിക്കറ്റുകൾ മൂന്നെണ്ണം വാങ്ങുകയായിരുന്നു.
ഈ സമയം ജീവനക്കാരിയായ റീത്ത മാത്രമാണ് കടയിലുണ്ടായിരുന്നത്. വൈകീട്ട് ബാബു എത്തിയപ്പോഴാണ് 500 രൂപ നോട്ടുകളിൽ പന്തികേടുള്ളതായി തോന്നിയത്.
കൂടുതൽ പരിശോധിച്ചപ്പോൾ ഒരേ നമ്പറുകളിലുള്ള കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. ഉടൻ കതിരൂർ പോലീസിൽ പരാതി നൽകി. സമീപത്തെ സി സി ടിവികൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. വാഹനത്തിലാണ് ഇവർ എത്തിയതെന്നാണ് സൂചന.
Traders beware; At Kathirur, he robbed a lottery stall employee and bought Onam bumper tickets with counterfeit notes