(www.panoornews.in) അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു.
തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.
യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം.
അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല.
യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
'No matter how crucified, all that I have done will stand' ; Manaf responded to the allegations of Arjun's family