(www.panoornews.in) കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അര്‍ജുന്‍റെ വീട്ടിലെത്തി കെ കെ രമ എംഎല്‍എ. കേരളം മുഴുവൻ ഏറെ പ്രതീക്ഷയോടെയായിരുന്നു ഷിരൂർ ഗംഗാവലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന്‍റെ തിരിച്ചു വരവ് കാത്തിരുന്നതെന്ന് കെ കെ രമ പറഞ്ഞു.
ദിവസം കഴിയുന്തോറും നിരാശയും ആശങ്കയും മാത്രമാണ് ബാക്കി. പറഞ്ഞറിയിക്കാനാവാത്ത അനിശ്ചിതത്വവുമായാണ് ഇപ്പോഴും അർജുന്‍റെ കുടുംബം നാളുകൾ തള്ളി നീക്കുന്നത്.
ഷിരൂരിലെ രക്ഷാപ്രവർത്തനം അനിശ്ചിതാവസ്ഥയിലാണെന്നത് സങ്കടകരമാണ്. ചെയ്യാൻ കഴിയാവുന്നതെല്ലാം ഇനിയും ചെയ്യേണ്ടതുണ്ടെന്നും കെ കെ രമ പറഞ്ഞു.അതേസമയം, അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗംഗാവലി പുഴയിലെ തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.
ഇനിയെന്ന് പുനരാരംഭിക്കുമെന്ന ആര്‍ക്കും അറിയില്ല. കര്‍ണാടക അധികൃതരും ഇക്കാര്യത്തില്‍ യാതൊന്നും പറയുന്നില്ല. തെരച്ചില്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിദ്ധരാമയ്യയ്ക്ക് കത്ത് അയച്ചെങ്കിലും അനുകൂല നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്, കാലാവസ്ഥ പ്രതികൂലമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ നിരത്തിയാണ് തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ നിന്ന് കര്‍ണാടക വിട്ടുനില്‍ക്കുന്നത്.
'All that can be done must now be done, leaving only despair and worry';KK Rama comes to Arjun's house